ഏഴംഗ കുടുംബത്തിന് കാരുണ്യത്തിന്റെ മേല്‍ക്കൂരയൊരുക്കി നാട്ടുകാര്‍
ഫറോക്ക്: ഇനി ഈ ഏഴംഗ കുടുംബത്തിനും ഭിത്തികളില്ലാത്ത മേല്‍ക്കൂരക്ക് താഴെ അന്തിയുറങ്ങേണ്ടി വരില്ല. വര്‍ഷങ്ങളോളം കടത്തിണ്ണയിലും റെയില്‍വേ സ്റ്റേഷനുകളിലും രാത്രികളില്‍ അഭയം തേടിയ ഇവര്‍ക്ക് ഭിത്തിയുള്ള മേല്‍ക്കൂര താല്‍ക്കാലികമായെങ്കിലും ഒരുക്കിയിരിക്കുകയാണ് ഫറോക്കിലെ നന്മ വറ്റാത്ത മനുഷ്യരും നിയമപാലകരും.
തൃശൂര്‍ കനിമംഗലം സ്വദേശി പരേതനായ മുഹമ്മദലിയുടെ ഭാര്യയും മാതാവും അഞ്ചു മക്കളുമാണ് കഴിഞ്ഞദിവസം ഫറോക്ക് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങാനെത്തിയത്. ഇതുകണ്ട പൊലിസും നാട്ടുകാരും ഇവര്‍ക്ക് താല്‍ക്കാലിക അഭയമൊരുക്കുയായിരുന്നു.
ഏഴംഗ കുടുംബത്തിന്റെ നാഥനായിരുന്ന മുഹമ്മദലി ബസ് ഡ്രൈവറായിരുന്നു. 23 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മുഹമ്മദാലിക്ക് കാലിനു ക്ഷതമേറ്റു. ചികിത്സയ്ക്കായി കിടപ്പാടം വില്‍ക്കേണ്ടി വന്നു. ഇതോടെയാണ് ഈ കുടുംബം വഴിയാധാരമായത്. പിന്നീട് കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ താമസിച്ചുവരികയായിരുന്നു. കോഴിക്കോട് ബീച്ചിലും ബസ് സ്റ്റാന്‍ഡിലുമായി ദിവസങ്ങളോളം കഴിച്ചുകൂട്ടിയതായി കൂടുംബം പറയുന്നു.
അഞ്ചുവര്‍ഷം മുന്‍പ് മുഹമ്മദാലി മരിച്ചതോടെ കുടുംബം ഒറ്റപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ സീനത്തും 85 വസായ മാതാവും അഞ്ചു മക്കളും പിന്നീട് അന്തിയുറങ്ങാന്‍ നാടുനീളെ അലഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ടു മക്കള്‍ അസുഖ ബാധിതരാണെങ്കിലും പകല്‍ കിട്ടുന്ന ജോലിക്കു പോയാണ് വിശപ്പിനു അല്‍പമെങ്കിലും ശമനം കണ്ടെത്തുന്നത്.
അതിനിടെ വയനാട് മേപ്പാടിയില്‍ വാടകവീട്ടില്‍ താമസിച്ചു. വാടക നല്‍കാന്‍ കഴിയാതായതോടെ അവിടെനിന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് വയനാട്ടില്‍ തന്നെ പുറമ്പോക്ക് ഭൂമിയില്‍ ഷെഡ്ഡ് കെട്ടി താമസിച്ചു. കാറ്റിലും മഴയിലും ഇതു തകര്‍ന്നതോടെ വീണ്ടും കോഴിക്കോട്ട് തിരിച്ചെത്തി. കഴിഞ്ഞദിവസം രാത്രി പത്തിനാണ് കുടുംബത്തെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ഫറോക്ക് സ്വകാര്യ ലോഡ്ജില്‍ താമസത്തിനു തല്‍ക്കാലം ഇടമൊരുക്കി നല്‍കിയത്. ഇന്നലെ രാവിലെ ഇവിടെനിന്ന് കരുവന്‍തിരുത്തി പാതിരിക്കാട് വെണ്‍മരത്ത് ഹസ്സന്‍കോയയുടെ വീട്ടിലേക്ക് മാറ്റിത്താമസിക്കുകയും ചെയ്തു.
തെരുവോരത്ത് അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ചാത്തമംഗലം സാന്ത്വനം ട്രസ്റ്റിനു കുടുംബത്തെക്കുറിച്ച് പൊലിസ് വിവരം നല്‍കി. ഇവര്‍ ഫറോക്ക് പൊലിസ് സ്റ്റേഷനിലെത്തി കുടുംബത്തെ ഏറ്റെടുക്കുകയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെരുവിന്റെ മക്കള്‍ ചാരിറ്റി സംഘടനക്കു കൈമാറുകയും ചെയ്തു. തെരുവിന്റെ മക്കള്‍ ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ അനുയോജ്യമായ വീടൊരുക്കി കുടുംബത്തെ അവിടേക്ക് ഉടന്‍ തന്നെ മാറ്റിത്താമസിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."