ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ അനുവദിക്കില്ല, നിയമങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കും: മക്ക ഗവര്‍ണര്‍
മക്ക: ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനും ഹജ്ജ് സംഘാടനം അന്താരാഷ്ട്ര സമൂഹ പങ്കാളിത്തത്തിനു കീഴില്‍ ആക്കുന്നതിനുമുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളയുന്നതായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ മക്കയില്‍ പറഞ്ഞു. 'ഹജ്ജ് ആരാധനയും പരിഷ്‌കൃത പെരുമാറ്റവും' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് ഉദ്‌ബോധന ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനായാസം കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഊദി ഭരണകൂടം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഹജ്ജ് തീര്‍ത്ഥാടകന്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പെരുമാറ്റം പകര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം പുണ്യ നഗരികളില്‍ 30 കോടി റിയാലിന്റെ വികസന പദ്ധതികളാണ് മക്ക വികസന അതോറിറ്റി നടപ്പിലാക്കിയത്. ബൃഹത്തായ പദ്ധതികള്‍ ഇനിയും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുയാണ്. ഇതേക്കുറിച്ച് സമയബന്ധിതമായി പരസ്യപ്പെടുത്തും. നിയമങ്ങള്‍ നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പാക്കാനുള്ള ശക്തി സഊദി ഭരണകൂടത്തിനുണ്ട്-അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ പത്താം വര്‍ഷമാണ് മക്ക ഗവര്‍ണറേറ്റ് ഹജ്ജ് ബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്തു ചേര്‍ന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഹജ്ജ്- ഉംറ മന്ത്രി ഡോ:മുഹമ്മദ് ബിന്‍തന്‍, പൊതു സുരക്ഷാ വകുപ്പ് ആക്റ്റിങ് മേധാവി ജനറല്‍ സഈദ് അല്‍ ഖഹ്താനി, സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് മേധാവി ജനറല്‍ ഖാലിദ് അല്‍ ഹര്‍ബി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."