ദേശീയ വിരവിമുക്ത ദിനാചരണം നാളെ
തൊടുപുഴ: ദേശീയ വിരവിമുക്തദിനം 10ന് ജില്ലയില്‍ വിപുലമായി ആചരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.ആര്‍ രേഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നിനും 19നുമിടയില്‍ പ്രായമുള്ള ജില്ലയിലെ 240734 കുട്ടികള്‍ക്ക് വിര നിയന്ത്രണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതിനുള്ള വിപുലമായ പരിപാടികളാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വിദ്യാലയങ്ങളില്‍ ഗുളിക നല്‍കുന്നതിനുള്ള ചുമതല. 457 ഗവണ്‍മെന്റ്്, എയ്ഡഡ് സ്‌കൂളുകള്‍ വഴിയും 190 പ്രൈവറ്റ് സ്‌കൂളുകള്‍ വഴിയും 1555 അങ്കണവാടികള്‍ വഴിയും ഗുളിക വിതരണമുണ്ടാകും. ഇടമലക്കുടി അടക്കമുള്ള ആദിവാസി മേഖലകളിലെ കേന്ദ്രങ്ങളിലും ഗുളിക വിതരണമുണ്ടാകും.
ഒന്നുമുതല്‍ അഞ്ചുവയസ് വരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും ആറുമുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് അടത്തുള്ള സ്‌കൂളിലും ഗുളിക നല്‍കുന്നതിന് ക്രമീകരണമൊരുക്കും. ഒന്നു മുതല്‍ രണ്ടു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 400ഗ്രാം ഗുളികയുടെ പകുതി ഒരു ടേബിര്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ടുമുതല്‍ 19 വയസ് വരെയുള്ളവര്‍ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്തദിനമായ 17ന് നിര്‍ബന്ധമായും ഗുളിക കഴിക്കണം. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് പ്രായഭേദമില്ലാതെ അന്ന് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ വച്ച് ഗുളിക നല്‍കും.
മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നന്നായി വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമേഗ്ലോബിന്റെ അളവ് കുറയ്ക്കുകയും വിളര്‍ച്ച, പോഷണക്കുറവ്, തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കണം.
ജില്ലാതല മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നാളെ ഉച്ചയ്ക്ക് 1.30ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ നിര്‍വഹിക്കും. തൊടുപുഴ മുനിസിപ്പാലിറ്റി, ജില്ലയിലെ മറ്റ് ബ്ലോക്ക് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ, മാസ് മീഡിയ ഓഫിസര്‍ ആര്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ തങ്കച്ചന്‍ ആന്റണി, ഗീതാകുമാരി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."