പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുത്തു; റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയില്‍
രാജാക്കാട്: ജലനിധിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുത്തപ്പോള്‍ റോഡിന്റെ വശമിടിഞ്ഞ് അപകടക്കെണിയായി മാറി. സംസ്ഥാന പാതയില്‍ രാജാക്കാട് - എന്‍.ആര്‍.സി.ടി റൂട്ടില്‍ കട്ടക്കളത്തിന് സമീപം കൊടുംവളവിന് സമീപത്തായാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ മൊബൈല്‍ കമ്പനി കേബിള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ആദ്യം ഇവിടെ കുഴിയെടുത്തത്. ഇത് മഴതുടങ്ങിയതോടെ ഇടിഞ്ഞ് താഴുകയായിരുന്നു. അത് നന്നാക്കുന്നതിന് കേബിള്‍ കമ്പനിയോ, പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിച്ചില്ല. ഇതിന് ശേഷം കഴിഞ്ഞ ആഴ്ച ജലനിധി പദ്ധതിയുടെ ഭാഗമായി റോഡരികിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുത്തത് മണ്ണിട്ടു മൂടിയതിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ കുഴിയെവെള്ളം കുത്തി ഒഴുകി റോഡിന്റെ വശം ഇടിഞ്ഞ് അപകടക്കെണിയായി മാറുകയായിരുന്നു.
ഏറ്റവും തിരക്കേറിയ റോഡിലെ കൊടും വളവിന് സമീപത്തായിട്ടാണ് റോഡ് ഇടിഞ്ഞ് താണത്. ഭാരവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ ഇനിയും റോഡ് ഇടിഞ്ഞ് താഴുവാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും ഒരുവിധ നടപടിയുമുണ്ടായിട്ടില്ല. അപകട സൂചകമായി ആകെയുള്ളത് നാട്ടുകാര്‍ വലിച്ച് കെട്ടിരിക്കുന്ന ഒരു ചുവന്ന റിബണ്‍ മാത്രമാണ്. ഇതിന് 200 മീറ്റര്‍ മുകള്‍ ഭാഗത്ത് റോഡിന്റെ വശം ഇടിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അവിടെ ടാര്‍ വീപ്പകളില്‍ ചുവന്ന തുണി സ്ഥാപിച്ച് വച്ചിട്ടുള്ളതല്ലാതെ കട്ടിംഗ് സൈഡ് കെട്ടി സംരക്ഷിക്കാന്‍ നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."