ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല; ഹൈസ്‌കൂള്‍ അറബി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
ജാഫര്‍ കല്ലട
നിലമ്പൂര്‍: സ്‌കൂള്‍ അധ്യയനം പകുതി പിന്നിട്ടിട്ടും ജില്ലയിലെ ഹൈസ്‌കൂള്‍ അറബി അധ്യാപക തസ്തികകള്‍ നികത്താതെ ഒഴിഞ്ഞുകിടക്കുന്നു. സ്‌കൂളുകളിലെ ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിനു നേരത്തെ പി.എസ്.സി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു മൂന്നു മാസം പിന്നിട്ടിട്ടും ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അന്‍പതോളം ഒഴിവുകളാണ് ഇത്തരത്തില്‍ നികത്തപ്പെടാതെ കിടക്കുന്നത്. കഴിഞ്ഞ എച്ച്.എസ്.എ (അറബിക്) റാങ്ക്‌ലിസ്റ്റ് 2015ല്‍ സപ്ലിമെന്ററിയിലുള്ളവരെ അടക്കം മുഴുവന്‍ പേരെയും നിയമിച്ച് റാങ്ക്‌ലിസ്റ്റ് തീര്‍ത്തു.
സംവരണ വിഭാഗങ്ങള്‍ക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ട 21 ഒഴിവുകളില്‍ രണ്ടു തവണ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമന ശുപാര്‍ശ നല്‍കാന്‍ സപ്ലിമെന്ററി ലിസ്റ്റില്‍പോലും ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് എച്ച്.എസ്.എ (അറബിക്) നിയമനത്തിനായി പി.എസ്.സി 2016 ജൂലൈയില്‍ അപേക്ഷ ക്ഷണിക്കുകയും ആറു മാസത്തിനുള്ളില്‍ പരീക്ഷ നടത്തുകയും ചെയ്തു.രണ്ടു വര്‍ഷം പിന്നിട്ട് റാങ്ക്‌ലിസ്റ്റ് പ്രസിദ്ദീകരിച്ചത് 2018 സെപ്റ്റംബര്‍ അവസാനവാരത്തിലായിരുന്നു. ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനു നിരന്തരമായി സര്‍ക്കുലറുകള്‍ ഇറങ്ങിയിട്ടും ഇത്രയും നീണ്ട കാലത്തിനിടയില്‍ വന്ന ഒഴിവുകളില്‍ നാമമാത്ര ഒഴിവുകളൊഴിച്ചു ബാക്കി റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഉദ്യോഗാര്‍ഥികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിനെ സമീപിക്കുമ്പാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ നികത്തപ്പെടാതെ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകില്ല, അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന്റെ ലിസ്റ്റ് പ്രസിദ്ദീകരിക്കാതെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകില്ല തുടങ്ങി തെറ്റായ വിവരങ്ങള്‍ നല്‍കി മടക്കി അയക്കുകയാണ് പതിവെന്നും ആരോപണമുണ്ട്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ ഈ നീക്കം. ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സമരമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."