ചീക്കോട് കുടിവെള്ള പദ്ധതി വാട്ടര്‍ അതോറിറ്റി മലക്കം മറിഞ്ഞു; പുതിയ പാക്കേജ് വേണമെന്ന് കൊണ്ടോട്ടി നഗരസഭ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന സ്ഥലത്തുനിന്ന് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ള വിതരണത്തിന് തടസങ്ങള്‍ ഉന്നയിച്ച് വാട്ടര്‍ അതോറിറ്റി. വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കുന്ന പുളിക്കല്‍ കോമ്പറമ്പ് ടാങ്കില്‍നിന്ന് നഗരസഭാ പരിധിയിലേക്ക് വെള്ളം നല്‍കാനാകില്ലെന്നും വിമാനത്താവള റോഡിലെ ചാലില്‍ വീണ്ടും തദ്ദേശീയര്‍ക്കായി പൈപ്പിടാന്‍ സാധിക്കില്ലെന്നുമാണ് വാട്ടര്‍ അഥോറിറ്റിയുടെ നിലപാട്. ഇതിനെതിരെ കൊണ്ടോട്ടി നഗരസഭ പരസ്യമായി രംഗത്തുവന്നു. വിമാനത്താവളത്തിലേക്ക് കുടിവെള്ളമെത്തിക്കുമ്പോള്‍ തന്നെ നഗരസഭക്കായി പ്രത്യേക പാക്കേജ് ഉണ്ടാക്കി നല്‍കണമെന്ന് നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍ യു.കെ മമ്മദിശ ആവശ്യപ്പെട്ടു. ആറുകോടി രൂപയാണ് വാട്ടര്‍ അഥോറിറ്റിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കൈമാറിയത്. വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ചെലവ് കഴിച്ചാലും ഇതില്‍ 1.90 കോടി രൂപ ബാക്കിയുണ്ട്. ഇത് നഗരസഭയിലെ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തണം. നഗരസഭയിലെ 1,2,3,4,5,37,38,39,40 വാര്‍ഡുകളിലേക്കാണ് കുടിവെള്ളമെത്തിക്കേണ്ടത്.ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ടി.വി ഇബ്രാഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. എയര്‍പോര്‍ട്ട് അതോറിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരേയും യോഗത്തിലേക്ക് ക്ഷണിക്കും.
പ്രദേശവാസികള്‍ക്ക് കുടിവെള്ളമില്ലാതെ വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കുന്നതിനെതിരെ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ച് പൈപ്പിടല്‍ തടഞ്ഞിരുന്നു. പിന്നീട് നഗരസഭാ കൗണ്‍സിലര്‍മാരമായി നടന്ന ചര്‍ച്ചയില്‍ തദ്ദേശീയരെ പരിഗണിക്കാമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്. ഇതനുസരിച്ച് ഒരാഴ്ച മുന്‍പ് വീണ്ടും പൈപ്പിടല്‍ തുടങ്ങി. എന്നാല്‍ പുളിക്കല്‍ കോമ്പറമ്പ് ടാങ്കില്‍ നിന്ന് വെളളമെത്തിക്കാന്‍ സാങ്കേതിക തടസമുന്നയിക്കുകയാണ് വാട്ടര്‍ അതോറിറ്റി.
അതിനിടെ പ്രദേശവസികള്‍ വീണ്ടും സമരത്തിനിറങ്ങാനിരിക്കുകയാണ്. തുറക്കല്‍ ഭാഗത്ത് ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു. അടുത്ത ദിവസം മറ്റുവാര്‍ഡുകളിലും യോഗം ചേരും. പ്രശ്‌നം ഇന്നലെ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിനായി പാക്കേജ് സമര്‍പ്പിക്കാനായി യോഗം ചേരുന്നത്.
കൗണ്‍സിലര്‍മാര്‍ക്ക് ഇരിപ്പിടമില്ലെന്ന് ആക്ഷേപം
കൊണ്ടോട്ടി: നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലെന്ന് പരാതി. ഇന്നലെ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടമില്ലാത്തത് ചൂണ്ടിക്കാട്ടിയത്. ചെയര്‍പേഴ്‌സണും സ്ഥിരംസമിതികളും ശീതീകരിച്ച മുറികളില്‍ ഇരിക്കുമ്പോഴാണ് ഇടതു കൗണ്‍സിലര്‍മാര്‍ക്ക് സീറ്റില്ലാതെ പോകുന്നതെന്നായിരുന്നു ആക്ഷേപം. പ്രശ്‌നത്തിന് ഉടനടി പരിഹാരമുണ്ടാകുമെന്ന് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ യു.കെ മമ്മദിശ യോഗത്തില്‍ പറഞ്ഞു.
നഗരസഭയില്‍ എന്‍ജിനിയര്‍മാര്‍ക്കും വാഹനം
കൊണ്ടോട്ടി: നഗരസഭയില്‍ എന്‍ജിനിയര്‍മാര്‍ക്ക് നാലുചക്രവാഹനവും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് ഇരുചക്ര വാഹനവും വാങ്ങാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതിനുള്ള അനുമതി നല്‍കിയത്. നഗരസഭാ എന്‍ജിനയര്‍മാര്‍ക്ക് വാഹനം വാങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ വാങ്ങിയിരുന്നില്ല.
നഗരസഭയിലെ അറ്റന്‍ഡര്‍മാര്‍ക്കും വാഹനം പ്രയോജനപ്പെടുത്താനാകും. സര്‍ക്കാര്‍ നിബന്ധനകളോടെയായിരിക്കും വാഹനം വാങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."