നെഹ്‌റു ട്രോഫി സാഹിത്യ സെമിനാര്: കൃതികള്‍ മണ്ണിനെ തിരിച്ചറിഞ്ഞും ജീവിതത്തെ അടുത്തറിഞ്ഞും രചിക്കണം: രാജീവ് ആലുങ്കല്‍
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. മലയാള സാഹിത്യം ഇന്ന് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
നിഷ്‌കളങ്കതയോടെ ഭാഷയെ സ്‌നേഹിച്ച് സാഹിത്യ രചന നടത്തിയിട്ടുള്ള എഴുത്തുകാരുടെ നാടാണ് ആലപ്പുഴയെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയെ സ്‌നേഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആലങ്കാരികത ആവശ്യമില്ലെന്ന് ഉദാത്തമായ രചനകളിലൂടെ തെളിയിച്ച സാഹിത്യകാരന്മാരില്‍ ഭൂരിപക്ഷം പേരും ആലപ്പുഴക്കാരാണ്. പുതിയ തലമുറയിലെ സാഹിത്യകൃതികള്‍ മണ്ണിനെ തിരിച്ചറിഞ്ഞും ജീവിതത്തെ അടുത്തറിഞ്ഞും രചിക്കുന്നവയാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ജോസഫ്‌സ് വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ അധ്യക്ഷയായി. കവി വിനോദ് വൈശാഖന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം. എം.കെ. കബീര്‍, ചീഫ് എഡിറ്റര്‍ എം.ആര്‍.പ്രേം, പ്രിന്‍സിപ്പല്‍ ഡോ. ഷീന ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.റ്റി. മാത്യു, പി. ജ്യോതിസ്, എസ്. ഭാസ്‌ക്കരപിള്ള, കവി അജി കാട്ടൂര്‍, സ്മരണിക കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."