ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അലച്ചിലുകള്‍ക്ക് അവസാനമായി
ആനക്കര: ഇനി ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഒരോ വര്‍ഷം അലയേണ്ട. ജാതി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയത് പൊതുജനത്തിന് ചില്ലറയൊന്നുമല്ല ആശ്വാസം നല്‍കുന്നത്. വില്ലേജ്, താലൂക്ക് ഓഫിസുകള്‍ വഴി ലഭിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വില്ലേജ് ഓഫിസര്‍മാരും, തഹസില്‍ദാര്‍മാരും നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകാവശ്യത്തിന് മാത്രം എന്ന വ്യവസ്ഥ റദ്ദാക്കി എല്ലാ ജാതി സര്‍ട്ടിഫിക്കറ്റുകളുടെയും കാലാവധി മൂന്ന് വര്‍ഷമാക്കി പുതുക്കി നിശ്ചയിക്കുകയാണ് ചെയ്തിട്ടുള്ളത്. മുമ്പ് 2007ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കോടതി വിധി മൂലം മറിച്ച് തീരുമാനം ഇല്ലാത്തപക്ഷം 10 വര്‍ഷം സാധ്യതാകാലയളവായി നിശ്ചയിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷം കാലാവധി നല്‍കുന്നത് ഇത് ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കുമെന്ന് കാണിച്ച് വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തു.
ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നതിന് അനുവദിക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ഇതേത്തുടര്‍ന്ന് 2008 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 10 വര്‍ഷത്തെ കാലാവധി റദ്ദ് ചെയ്യുകയും ചെയ്തു. ഈ ഉത്തരവാണ് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഏറെ ആവശ്യമുള്ളതാണ് എന്നാല്‍ ഇതിന് വേണ്ടി പല തവണ വിവിധ സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നാല്‍ മാത്രമെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയുള്ളു മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് പോലെ എളുപ്പമല്ല ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് താഴെകിടയിലുള്ളവര്‍ മുതല്‍ സമ്പന്നമാര്വരെയുള്ള മുഴുവന്‍ സമൂഹത്തിനും ഗുണം ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."