കെ.എസ്.ആര്.ടി.സി പ്രതിസന്ധി; ജില്ലയില്‍ ഇന്നലെ മുടങ്ങിയത് നൂറിലധികം സര്‍വിസുകള്‍
കൊല്ലം: കെ.എസ്.ആര്.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് തുടങ്ങിയതോടെ ജില്ലയില്‍ ഇന്നലെ മുടങ്ങിയത് നൂറിലധികം സര്‍വിസുകള്‍. കെ.എസ്.ആര്.ടി.സി സര്‍വിസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി. കെ.എസ്.ആര്.ടി.സി മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ബസ് സ്റ്റോപ്പുകളില്‍ കുടുങ്ങി. പലരും ഇരുചക്ര വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് പോകുന്നതും കാണാമായിരുന്നു.
എന്നാല്‍ കെ.എസ്.ആര്.ടി.സിക്കൊപ്പം നടത്തുന്ന റൂട്ടുകളില്‍ യാത്രക്കാരെ പരമാവധി കയറ്റിയാണ് സ്വകാര്യ ബസുകള്‍ സര്‍വിസുകള്‍ ഇന്നലെ ഓടിയത്. ദേശീയ പാതയിലുള്‍പ്പെടെ സമാന്തര സര്‍വിസുകള്‍ക്കും ചാകരക്കാലമാണിപ്പോള്. ജില്ലയിലെ ഒന്‍പതു ഡിപ്പോകളില്‍ നിന്നുണ്ടായിരുന്ന ചെയിന്‍ സര്‍വിസുകള്‍ താറുമാറായതോടെ പ്രതിദിന കളക്ഷനും കൂപ്പുകുത്തി. രണ്ട് സ്പെല്ലുകളിലായിട്ടാണ് കെ.എസ്.ആര്.ടി.സിയിലെ കണ്ടക്ടര്‍മാരുടെ ജോലി ക്രമീകരണം.
ഉച്ചയോടെ കഴിയുന്ന ആദ്യ സ്പെല്ലില് നിന്നുള്ള കണ്ടക്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ മുടങ്ങുന്ന സര്‍വിസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ടൈം ജോലി നല്‍കിയും അവധികള്‍ റദ്ദാക്കിയും ക്രമീകരണം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും പ്രതിസന്ധി കുറയില്ലെന്നാണ് അറിയുന്നത്. പുതിയ കണ്ടക്ടര്‍മാരെ നിയമിച്ചാല്‍ തന്നെ ഇവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പരിശീലനം നല്‍കേണ്ടി വരും. ഇന്നലെ രാവിലെയായിരുന്നു ഹൈക്കോടതി സര്‍ക്കാരിനും കെ.എസ്.ആര്.ടി.സിക്കും താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ തന്നെ നടപടി വേഗത്തിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."