ഫിഷറീസ് വകുപ്പ് മത്സ്യോത്സവം 13 മുതല്‍ ആലപ്പുഴയില്‍
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള മത്സ്യോത്സവം 13 മുതല്‍ 15 വരെ മുനിസിപ്പല്‍ നഗരചത്വരത്തില്‍ നടക്കുമെന്ന് മത്സ്യഫെഡ് ചെയര്മാന് പി.പി ചിത്തരഞ്ജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13ന് രാവിലെ 10ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് മത്സ്യോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി സുധാകരന്, തോമസ് ചാണ്ടി, പി തിലോത്തമന് എന്നിവര്‍ വിവിധ പരിപാടികളില്‍ സംസാരിക്കും. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മത്സ്യ അദാലത്തും ഇതോടൊപ്പം നടക്കുന്നതാണ്. ഫിഷറീസ് വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളുടെയും സംസ്ഥാനതലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കുന്നതിനാല്‍ ബഹുഭൂരിപക്ഷം പരാതികളും അദാലത്തില്‍ പരിഹരിക്കാന്‍ കഴിയും. ഒന്‍പതിനായിരത്തോളം പരാതികളാണ് അദാലത്തില്‍ ലഭിച്ചിട്ടുള്ളത്.
മത്സ്യകര്‍ഷക സെമിനാര്‍, തീരമൈത്രി സംഗമം, അക്വാ ഷോ, ഫുഡ്ഫെസ്റ്റ് തുടങ്ങിയവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. ഫിഷറീസ് വകുപ്പ് വഴിയും മത്സ്യഫെഡ്, മത്സ്യബോര്‍ഡ്, മത്സ്യകര്‍ഷക വികസന ഏജന്‍സി, അഡാക്ക് തുടങ്ങിയ ഏജന്‍സികളിലൂടെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്കുന്ന ആനുകൂല്യങ്ങളുടെ വിതരണം മത്സ്യോത്സവത്തില്‍ നടത്തപ്പെടുന്നതാണെന്ന് ചെയര്മാന് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി അനിരുദ്ധന്, സ്വാഗതസംഘം കണ്‍വീനര്‍മാരായ കെ.ടി മാത്യു, ബി.ഷാനവാസ്, ടോജോ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."