വാഴപ്പഴം ദഹിക്കില്ല
ഇരിട്ടി: നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും മാര്‍ക്കറ്റില്‍ തീവില. രണ്ടു മാസം മുന്‍പ് കിലോയ്ക്ക് 25ഉം 30ഉം ആയിരുന്ന നേന്ത്രപ്പഴ വില ഇന്ന് 75 രൂപയ്ക്കു മുകളിലാണ്. ഞാലിപ്പൂവനും വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തില്‍ വില വര്‍ധിക്കാന്‍ കാരണം. ഓണമാകുമ്പോഴേക്കും വില 80നു മുകളിലെത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇപ്പോള്‍ വയനാട്ടില്‍ നിന്നുമാണ് നേന്ത്രക്കായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. വില വര്‍ധനവ് വയനാട്ടിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കിലോയ്ക്ക് 65 മുതലാണ് മൊത്തവില്‍പന. മുമ്പ് മലയോര മേഖലകളില്‍ സുലഭമായി നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. ഇന്ന് വിരലിലെണ്ണാവുന്ന കര്‍ഷകര്‍ മാത്രമാണുള്ളത്. ഉത്പന്നങ്ങള്‍ക്ക് വിലകുറഞ്ഞതും വേനലില്‍ വെള്ളം ലഭിക്കാത്തതുമാണ് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കാരണം. അയല്‍ സംസ്ഥാനങ്ങള്‍ വാഴകൃഷിക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ വേണ്ട പ്രോത്സാഹനം ലഭിക്കുന്നില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും അടുത്തമാസം വിളവെടുപ്പ് തുടങ്ങുന്നതോടെ കേരളത്തില്‍ നേന്ത്രക്കായ സുലഭമായി ലഭിച്ചു തുടങ്ങും. തമിഴ്‌നാട്ടിലെ മേട്ടുപാളയം, തൃച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ണാടകയിലെ ഹുന്‍സൂര്‍, എച്ച്.ഡി കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് നേന്ത്രക്കായ കേരളത്തിലേക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."