എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് പൊലിസ് മര്‍ദനം; സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവ്
കൊല്ലം: കരുനാഗപ്പള്ളിയില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി അഖില്‍ കൃഷ്ണനെ നടുറോഡിലും ലോക്കപ്പിലും കരുനാഗപ്പള്ളി അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്‍ നടപടി തുടങ്ങി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനായിയരുന്നു സംഭവം. എന്നാല്‍ മര്‍ദ്ദനം നടത്തിയ പൊലിസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന വിധത്തിലാണ് കളവായ വിവരങ്ങള്‍ കാണിച്ചു പൊലിസ് കമ്മിഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ഹാജരാക്കിയത്.
സമീപത്തെ കടയിലെ സി.സി കാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍പോലും ലഭ്യമായിരിക്കെ അതൊന്നും പരിശോധിക്കാതെ പൊലിസ് മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയെന്നാണു പൊലിസ് റിപ്പോര്‍ട്ട്. അഖിലിനെ യാതൊരു പ്രകോപനവുമില്ലാതെ തൂക്കിയെടുത്ത് ജീപ്പിലെ പ്ലാറ്റഫോമിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ലഭ്യമാണ്.
സ്‌കൂട്ടര്‍ ഗതാഗത തടസം ഉണ്ടാക്കുന്ന നിലയില്‍ പാര്‍ക്ക് ചെയ്തതിനു ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും അതിനാല്‍ മിതമായ ബലപ്രയോഗം നടത്തി സ്റ്റേഷനില്‍ കൊണ്ടുപോയി പെറ്റിക്കേസെടുത്തെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സ്‌കൂട്ടര്‍ അഖിലിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ല. സ്‌കൂട്ടറിന്റെ ഉടമ അവിടെ തന്നെ ഉണ്ടായിരിക്കെ അയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുമില്ല. അഖിലിനെതിരേ എടുത്ത കേസും കള്ളക്കേസായിരുന്നു എന്ന് വ്യക്തമാണ്.
സ്റ്റേഷനില്‍ നിന്നും വിടുന്നതിന് 100 രൂപ അടക്കണമെന്ന് കാണിച്ചു അത് വാങ്ങി കള്ളക്കേസ് പൊലിസ് എടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായ അഖില്‍ അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതൊന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ഇല്ല. അഖിലിന്റെ പരാതിയില്‍ ഇതുവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കേസ് പരിഗണിച്ച യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജറോം സ്റ്റേഷനിലെയും മറ്റും സി.സി കാമറ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. നേരിട്ട് ഹാജരായ എസ്.ഐ തെളിവുകള്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കണമെന്നും വേണ്ടിവന്നാല്‍ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തുന്നത് ആലോചിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."