47.4 ശതമാനം കുട്ടികള്‍ക്കും വിരശല്യം
കണ്ണൂര്‍: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒന്നുമുതല്‍ 19 വയസ് വരെയുള്ള 6,49,088 കുട്ടികള്‍ക്കു വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണു ഗുളിക നല്കുകയെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി.കെ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണു ഗുളിക നല്‍കുന്നത്.ഇന്നു ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17നു തീര്‍ച്ചയായും കഴിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ ഗുളിക നല്‍കും. കേരളത്തില്‍ 19 വയസില്‍ താഴെയുള്ളവരില്‍ 47.4 ശതമാനം കുട്ടികള്‍ക്കു വിരശല്യമുണ്ടെന്നാണു പഠനറിപ്പോര്‍ട്ട്.
മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പഴം, പച്ചക്കറികള്‍ എന്നിവയിലൂടെയുമാണു വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ച, പോഷണക്കുറവ് വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാക്കുകയും ചെയ്യുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 10.30ന് കണ്ണൂര്‍ മുനിസിപ്പല്‍ ഗവ. ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും. കലക്ടര്‍ പി ബാലകിരണ്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ ഡോ കെ.വി ലതീഷ്, ഡോ. പി.എം ജ്യോതി, കെ.എന്‍ അജയ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."