ലഹരി കഴിച്ചത് അറിയാതിരിക്കാന്‍ പുതുവിദ്യയുമായി മാഫിയകള്‍
കാസര്‍കോട്: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് പ്രത്യക്ഷത്തില്‍ അറിയാതിരിക്കാന്‍ പുതുവിദ്യയുമായി ലഹരി മാഫിയകള്‍. ലഹരി വസ്തുക്കള്‍ അടങ്ങിയ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തുന്നത് അധികൃതര്‍ പിടിക്കുകയും മറ്റും ചെയ്യുന്ന സാഹചര്യത്തില്‍ പെന്‍ സിഗരറ്റുകള്‍ ഇറക്കിയ കഞ്ചാവ് ലോബികളാണു പുതുതായി ഇറക്കിയ വിദ്യയുടെയും സൂത്രധാരന്മാരെന്നാണു സൂചന.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍ കണ്ണുകള്‍ ചുവക്കുമെന്നും ഇതു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരെ പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നുമാണു പറയപ്പെടുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രത്യക്ഷ തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി കണ്ണില്‍ ഒഴിക്കാനുള്ള ദ്രാവകമാണു ലഹരി മാഫിയകള്‍ പുതുതായി രംഗത്തിറക്കിയതെന്നാണു സൂചന.
ഈ രീതിയിലുള്ള ദ്രാവകം ലഹരി വസ്തു കണ്ടുപിടിക്കാന്‍ പോയ പൊലിസ് സംഘത്തിനാണു ലഭിച്ചത്. ജില്ലയില്‍ കഞ്ചാവ് മാഫിയകള്‍ പ്രധാന പട്ടണങ്ങളിലൊക്കെ പിടിമുറുക്കിയതോടെ പൊലിസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ പരിശോധനകള്‍ നടത്തി വരുന്നുണ്ട്.
രണ്ടാഴ്ചക്കിടെ സ്റ്റിക്കര്‍ രൂപത്തിലും പെന്‍ രൂപത്തിലും ലഹരി വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടതോടെ പരിശോധന നടത്തുന്നതിനിടയിലാണ് ദ്രാവകം കണ്ടെത്തിയത്. ഇതു സംബന്ധമായി പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."