രണ്ടാംഘട്ട കാര്‍ഡ് വിതരണം തുടങ്ങി
തളിപ്പറമ്പ്: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത പുതിയ കാര്‍ഡുകള്‍ വാങ്ങാതിരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള രണ്ടാം ഘട്ട കാര്‍ഡ് വിതരണം തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസില്‍ ആരംഭിച്ചു. ആദ്യദിനം തളിപ്പറമ്പ് നഗരസഭ, പരിയാരം, പട്ടുവം, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും പുതിയ റേഷന്‍ കാര്‍ഡുകള്‍ വാങ്ങാതിരുന്നവര്ക്കാണ് രണ്ടാംഘട്ടം വിതരണം ചെയ്തത്. 652 കാര്‍ഡുകള്‍ ഇന്നലെ നല്കി. ഇന്ന് പയ്യന്നൂര്‍, രാമന്തളി, കരിവെള്ളൂര്‍ പെരളം, കാങ്കോല്‍ ആലപ്പടമ്പ് എന്നിവിടങ്ങളിലെ കാര്‍ഡുകളാണ് വിതരണം ചെയ്യുക.
തെറ്റായ വിവരങ്ങള്‍ നല്കി റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താന്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ ഉദ്യോഗസ്ഥര്‍, നാലുചക്ര വാഹനമുള്ളവര്‍, ആയിരം സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാകണമെന്നുളള നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുവിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റാന്‍ നിരവധിപേരാണ് ഇന്നലെ വരെയായി സപ്ലൈ ഓഫിസില്‍ എത്തിയത്. അപേക്ഷയുമായെത്തുന്നവര്ക്ക് അപ്പോള്‍തന്നെ കാര്‍ഡില്‍ പൊതുവിഭാഗം എന്ന സീല്‍ പതിച്ചു നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പൊതുവിഭാഗത്തിലേക്ക് മാറുമ്പോള്‍ 50 രൂപ കൂടി നല്‍കണം. അന്ത്യോദയ വിഭാഗത്തില്‍ നിന്നു 50 പേരും മുന്‍ഗണനാ വിഭാഗത്തില്‍ നിന്നു 333 പേരും സബ്സിഡി വിഭാഗത്തില്‍ നിന്നു 437 പേരും ഇന്നലെ വരെയായി സ്വയം ഒഴിഞ്ഞിട്ടുണ്ട്.
പുതുതായി ബി.പി.എല്‍ വിഭാഗത്തില്‍പെടുത്താന്‍ അപേക്ഷ നല്‍കാനായി പതിനായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ എത്തിയത്. ഇതില്‍ എന്തു തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സപ്ലൈ ഓഫിസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."