അത്തിപ്പറ്റ ഉസ്താദും പ്രവാസ ലോകവും; അഥവാ മരുഭൂമിയെ ഊഷരമാക്കിയ മൂന്നു പതിറ്റാണ്ട്
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ വേര്‍പാടില്‍ പ്രവാസ ലോകവും ഇന്ന് വേദനയിലാണ്. സാര്‍ത്ഥകമായ ഒരു പുരുഷായുസ്സിന്റെ സുപ്രധാന കാലഘട്ടവും ഉസ്താദ് കഴിച്ചു കൂട്ടിയത് പ്രവാസ ലോകത്തായിരുന്നുവെന്നതാണതിന്റെ കാരണം. യു.എ.ഇയിലെ അല്‍ ഐന്‍ സുന്നി സെന്റര്‍ കേന്ദ്രമാക്കി മൂന്നു പതിറ്റാണ്ട് നീണ്ട ഉസ്താദിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണ്. യു.എ.ഇ സുന്നി സെന്റര്‍, അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ എന്നിവയുടെ പ്രസിഡന്റായിരിക്കുന്‌പോള്‍ തന്നെ പ്രവാസ ലോകത്തിന്റെ ഭാവിയിലും സമുദായ പുരോഗതിയിലും ഉസ്താദിന്റെ സ്വപ്നങ്ങള്‍ അത്യുന്നതങ്ങളിലായിരുന്നു.
മിക്ക പ്രവാസികളെയും പോലെ പ്രവാസ ജീവിതം കേവലം ധനസന്പാദനത്തിലൊതുക്കി കഴിഞ്ഞു കൂടാമായിരുന്നിട്ടു കൂടി, തനിക്കു ലഭിക്കുന്ന ഒഴിവു വേളകളെല്ലാം സമുദായ പുരോഗതിക്കും പ്രവാസ ലോകത്തെ പുതു തലമുറയുടെ ശോഭനമായ ഭാവിക്കും വേണ്ടി നീക്കിവെക്കാനായിരുന്നു ഉസ്താദിന്റെ താല്‍പര്യം. ഈ രീതിയില്‍ ഉസ്താദിന് വലിയ സ്വപ്നങ്ങളാണുണ്ടായിരുന്നത്.
ആ സ്വപ്ന സാക്ഷാത്കാരമാണ് 1988ല്‍ അല്‍ ഐനില്‍ ആരംഭിച്ച ദാറുല്‍ ഹുദാ സ്‌കൂള്‍. ഇന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന ഈ സ്‌കൂളിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അത്തിപ്പറ്റ ഉസ്താദ്.
അഥവാ പ്രവാസ ലോകത്ത് ഇത്തരമൊരു സ്ഥാപനത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ മരുഭൂമിയെ ഉസ്താദ് ഊഷരമാക്കുകയായിരുന്നു.
27 വര്‍ഷത്തോളം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാം, മെച്ചപ്പെട്ട ശമ്പളം. സുലഭമായ സൗകര്യങ്ങള്‍. ഔദ്യോഗിക തലത്തിലെ ഉന്നതരുമായി സൗഹൃദം ഇങ്ങിനെ കഴിയുന്‌പോഴായിരുന്നു ഉസ്താദിന്റെ ഈ അതുല്യമായ സേവനങ്ങളെന്നതും ശ്രദ്ധേയമാണ്. ഈ കാലത്ത് ലഭ്യമായ മേഖലകളില്‍ നിന്നെല്ലാം ആവശ്യത്തേക്കാള്‍ കൂടുതല്‍ സന്പദ് സമൃതി നേടാമായിരുന്നിട്ടും അതെല്ലാം ത്യജിച്ച് തന്റെ സന്പാദ്യം കൂടി സമുദായ പുരോഗതിക്കാവട്ടെ എന്ന നിലയിലായിരുന്നു ഉസ്താദിന്റെ ജീവിതമെന്നും സഹായം തേടി വരുന്ന ഒരാളെയും ഉസ്താദ് വെറും കയ്യോടെ മടക്കാറില്ലെന്നും ഉസ്താദിന്റെ കൂടെ കഴിഞ്ഞവര്‍ ഓര്‍ക്കുന്നു.
ഒരു ഭാഗത്ത് വൈജ്ഞാനിക വിപ്ലവ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്‌പോള്‍ തന്നെ, അല്‍ ഐന്‍ സുന്നി സെന്റര്‍ കേന്ദ്രീകരിച്ച് ഉസ്താദ് നടത്തിയിരുന്ന ആത്മീയ സദസ്സുകളും ശ്രദ്ധേയമായിരുന്നു.
ഈ സദസ്സുകളില്‍ ആത്മനിര്‍വൃതിയും ആഗ്രഹപൂര്‍ത്തീകരണവും നേടിയെത്തിയവര്‍ നിരവധിയാണ്. ആന്തരിക വെളിച്ചവുമായി മടങ്ങിയവരും ഏറെ.
സാധാരണക്കാര്‍ മുതല്‍ സ്വദേശി പ്രമുഖര്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഉസ്താദിന്റെ സുഹൃദ് വലയം. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമി, ഔഖാഫില്‍മന്ത്രിയുടെ തുല്യസ്ഥാനം വഹിക്കുന്ന മുഹമ്മദ് ഉബൈദി, കുവൈത്തിലെ ഹാശിം രിഫാഈ തുടങ്ങിയവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ അവയില്‍ ചിലതാണ്.
എഴുപതാം വയസ്സില്‍ ഔഖാഫ് റിട്ടയര്‍മെന്റ് വിളംബരം വരുന്നതുവരെ ഉസ്താദിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടര്‍ന്നു. ശെഖ് സാഇദിന്റെ കാലത്ത് ഔഖാഫിലെ റിട്ടയര്‍മെന്റ്പ്രായം എഴുപതായിരുന്നു.
ഇത് കടന്നതോടെയാണ് ഉസ്താദിന്റെ സജീവമായ പ്രവാസ ജീവിതവും അവസാനിക്കുന്നത്. പ്രവാസ ലോകത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലായിരുന്നെങ്കിലും ഉസ്താദിന്റെ മേല്‍നോട്ടം സ്ഥാപനത്തിനെപ്പോഴുമുണ്ടായിരുന്നതായി ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
മാത്രവുമല്ല, പലപ്പോഴും വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി ഉസ്താദ് യു.എ.ഇക്കു പുറമെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും എത്തിയിരുന്നു. തുര്‍ക്കി, ജോര്‍ഡാന്‍, ഇറാഖ്, സൗദിഅറേബ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് മഹാന്‍മാരായ പ്രവാചകന്‍മാരുടെയും വിശുദ്ധരായ സൂഫികളുടെയും മഖ്ബറകളും ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രദേശങ്ങളും സന്ദര്‍ശിച്ച് അറിവും അനുഭവവും ഏറെയാണ്.
ഉസ്താദിന്റെ ഗള്‍ഫ് സന്ദര്‍ശങ്ങളിലൂടെ ലഭിച്ചിരുന്ന ആത്മീയാനുഭൂതിയുടെ ഓര്‍മ്മകളില്‍ കൂടിയാണിന്ന് പ്രവാസ ലോകം.
ഇതിനിടെ രണ്ടു പ്രാവശ്യം ബഹ്‌റൈനില്‍ ഉസ്താദ് എത്തിയ ഓര്‍മ്മകള്‍ ബഹ്‌റൈന്‍ പ്രവാസികളും സുപ്രഭാതവുമായി പങ്കുവെച്ചു. സമസ്ത ബഹ്‌റൈന്‍ ഉള്‍പ്പെടെ ഗള്‍ഫിലെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയുമായി മയ്യിത്ത് നിസ്‌കാരവും ഖത്മുല്‍ ഖുര്‍ആനുമുള്‍പ്പെടെ പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."