ആദര്‍ശത്തെയും സംഘടനയെയും പ്രണയിച്ച നേതാവ്
#അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്
ആദര്‍ശത്തെയും സംഘടനയെയും പ്രണയിച്ച നേതാവ് അത്തിപ്പറ്റ ഉസ്താദ് നമ്മോട് വിടപറഞ്ഞിരിക്കുന്നു. സംഘര്‍ഷ ഭരിതമായ മനസുകള്‍ക്കു ശാന്തി പകര്‍ന്നുനല്‍കിയിരുന്ന ആത്മീയ മേഖലയിലെ അത്യപൂര്‍വ കണ്ണിയായിരുന്നു അദ്ദേഹം.
1990കളിലാണ് ഈ വിനീതന്‍ ഉസ്താദുമായി ബന്ധപ്പെടുന്നത്. എസ്.കെ.എസ്.എസ്.എഫ് രൂപീകരണശേഷം അബ്ദുസ്സമദ് പൂക്കോട്ടൂരുമൊത്ത് യു.എ.ഇ സന്ദര്‍ശിച്ച ആദ്യവേളയില്‍ തന്നെയായിരുന്നു അത്. അല്‍ ഐനാണ് ഉസ്താദിന്റെ കേന്ദ്രം. യു.എ.ഇ മതകാര്യ വകുപ്പ് നിശ്ചയിച്ച പള്ളിയിലെ ഇമാമായിരുന്നു അദ്ദേഹം. അഞ്ചുനേരത്തെ നിസ്‌കാരം മാത്രമാണു ജോലി. ബാക്കി മുഴുവന്‍ സമയം പൊതുപ്രവര്‍ത്തനം. ഒരുഭാഗത്തു ത്വരീഖത്തിന്റെ ദിക്‌റുകള്‍ നല്‍കിയും സ്വലാത്ത് മജ്‌ലിസുകള്‍ സ്ഥാപിച്ചും ആത്മീയനേതൃത്വം നല്‍കുന്നു. മറുഭാഗത്തു മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് സംസ്‌കരണ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ മുന്നേറ്റങ്ങളും നടത്തുന്നു.
വിപ്ലവകരമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവച്ച അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ ദീര്‍ഘകാലത്തെ അധ്യക്ഷനായിരുന്നു മഹാന്‍. ഇന്നും ഏറ്റവും പ്രചാരമുള്ള മലയാളത്തിലെ വിപുലമായ ഖുര്‍ആന്‍ വ്യാഖ്യാനം പ്രസിദ്ധീകരിച്ചത് അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു. യു.എ.ഇയിലും കേരളത്തിലും മാതൃകാപരമായ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു യൂത്ത് സെന്റര്‍ നടത്തിവരുന്നത്.
ഉസ്താദിനു ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത അത്ഭുതാവഹമാണ്. കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കാനായി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥലം കച്ചവടം ചെയ്ത് ഈ വിനീതനും സമദ് പൂക്കോട്ടൂരും യു.എ.ഇയിലേയ്ക്കു പോയി. വലിയൊരു തുക സ്വരൂപിക്കണം. അതെങ്ങനെ സംഘടിപ്പിക്കും. മനസില്‍ നല്ല ആശങ്കയുണ്ടായിരുന്നു.
മുക്കം മോയിമോന്‍ ഹാജി അപ്പോള്‍ യു.എ.ഇയിലുണ്ട്. ഉസ്താദും മോയിമോന്‍ ഹാജിയും മുന്‍കൈയെടുത്തു യു.എ.ഇയിലെ ഏഴു സ്റ്റേറ്റിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഓരോ സ്ഥലത്തുനിന്നും ഇത്ര സെന്റിനുള്ള തുക സമാഹരിക്കണമെന്നു തീരുമാനമെടുപ്പിച്ചു.
അല്‍ ഐനിലേയ്ക്കു നിശ്ചയിച്ച തുക സംഭാവന പിരിച്ചത് ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. ഉസ്താദിന്റെ സഹ ഭാരവാഹികളായ ഇ.കെ മൊയ്തീന്‍ ഹാജിയും സയ്യിദ് പൂക്കോയ തങ്ങളും കൂടെയുണ്ട്. ഉസ്താദിനു ജനങ്ങള്‍ നല്‍കുന്ന ആദരവില്‍ അക്ഷരാര്‍ഥത്തില്‍ ഞങ്ങള്‍ അല്‍ഭുതം കൂറി.
ഉസ്താദിന്റെ അവതരണം ഇപ്രകാരമായിരുന്നു-''ഞാനൊരു സ്ഥലം വാങ്ങിയിട്ടുണ്ട്. പാണക്കാട്ടെ കുട്ടികളാണ് അതിനുപിന്നില്‍. അല്‍ ഐനില്‍ നിന്ന് ഇത്ര സെന്റിന്റെ കാശു കൊടുക്കണം''. ഉസ്താദ് ഇത്രയും പറയുമ്പോഴേയ്ക്കും അതു കേള്‍ക്കുന്ന വ്യക്തി അല്‍പ്പം മാറിനില്‍ക്കുന്നു. മൊയ്തീന്‍ ഹാജിയെയും തങ്ങളെയും വിളിച്ച് ''എത്രയാണു ഞാന്‍ നല്‍കേണ്ടതെന്നു'' മുശാവറ ചെയ്യുന്നു. മിനുട്ടുകള്‍ക്കകം ഉസ്താദിന്റെ മുന്‍പിലേയ്ക്കു വീണ്ടും വരുന്നു.''ഞാന്‍ അതിലേയ്ക്ക് ഇത്ര തരാം''. അതോടെ നല്ലൊരു തുക കിട്ടുന്നു. പിന്നീട് അടുത്ത ആളെ തേടിപ്പോകും. ഒരു മണിക്കൂറിനകം അല്‍ ഐന്‍ നിശ്ചയിച്ച ക്വാട്ട മറികടന്നു.
നമുക്കൊരു പത്രം എന്ന ആശയം ഉസ്താദ് വളരെ പ്രധാനമായി എടുത്തിരുന്നു. ഒരിക്കല്‍ ഈ വിനീതനോടു ചോദിച്ചു. ''നമുക്കൊരു പത്രം കൂടിയേ തീരൂ. ഇതിന് ആരെയാണു ഞാന്‍ കണ്ടു സംസാരിക്കേണ്ടത്.''
ഞാന്‍ പറഞ്ഞു- ''ഒന്ന്, ബാപ്പു മുസ്‌ലിയാരെ തന്നെയാണു കാണേണ്ടത്.'' ഉസ്താദ് ബാപ്പു മുസ്‌ലിയാരെ വീട്ടില്‍ ചെന്നുകണ്ടു, മറ്റു പ്രമുഖരെയും.
സുപ്രഭാതം യാഥാര്‍ഥ്യമാക്കുന്നതില്‍ ഉസ്താദിന്റെ ഗണനീയമായ പങ്കുണ്ടെന്നെര്‍ഥം. പത്രം യാഥാര്‍ഥ്യമായപ്പോള്‍ സുപ്രഭാതത്തിന്റെ രക്ഷാധികാരിയായി ഉസ്താദിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."