നന്മ ഉപദേശിക്കാന്‍ അര്‍ഹത നേടിയ പണ്ഡിതന്‍
#പിണങ്ങോട് അബൂബക്കര്‍
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മഹാന്മാരായ പണ്ഡിതന്മാരും സ്വാലിഹീങ്ങളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. സൂഫിസത്തിന്റെ മൗലികഭാഗം ശാന്തതയാണ്. സത്യമാണതു വിളംബരപ്പെടുത്തുന്നത്. ഉദാഹരണത്തിനു മുഖമുദ്ര. ഈ കാല്‍പനിക സൗന്ദര്യം സൂഫിസത്തിന്റെ സവിശേഷതയാണ്. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഈ നൂറ്റാണ്ടിലെ സര്‍വസ്വീകാര്യനായ സൂഫിയായിരുന്നു. പൊതുരംഗത്തു സജീവമായി ഇടപെട്ട് ആത്മീയത കലര്‍പ്പില്ലാതെ കരുതിയ ത്യാഗി കൂടിയായിരുന്നു അദ്ദേഹം.
1995 ലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. സുന്നി അഫ്കാര്‍ വാരികയുടെ പ്രചാരണാര്‍ഥം യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ അല്‍ ഐന്‍ ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ ഉസ്താദിനെ കേട്ടുതുടങ്ങി. നഗരഹൃദയത്തിലെ ബസ് സ്റ്റാന്‍ഡിനടുത്ത പള്ളിയിലെ ഇമാമായിരുന്നു അന്നദ്ദേഹം. മലയാളികളും അറബികളും ഇതര നാട്ടുകാരും ഏറെ ബഹുമാനിക്കുന്ന യുവത്വം പിന്നിടാത്ത ആ പണ്ഡിതനെ അന്നുതന്നെ പരിചയപ്പെട്ടു. അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍ ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രാര്‍ഥനയും പ്രസംഗവും നടത്തിയത് അത്തിപ്പറ്റ ഉസ്താദായിരുന്നു. പല്ലാര്‍ മൊയ്തീന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, ഹമീദ് ഹാജി, കുഞ്ഞാലന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
ആ പ്രസംഗവും പ്രാര്‍ഥനയും പ്രത്യേകം ശ്രദ്ധിച്ചു. അധികം നീളാത്ത, വളച്ചുകെട്ടില്ലാത്ത, നന്മയെക്കുറിച്ചുള്ള പ്രഭാഷണം. ഹൃദയത്തില്‍ പതിക്കുന്ന പ്രാര്‍ഥന. സാത്വികരായ ഉലമാക്കള്‍ സ്ഥാപിച്ചു നിലനിര്‍ത്തിപ്പോരുന്ന ബഹുമാനപ്പെട്ട സമസ്തയുടെ കീഴിലുള്ള സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ഹിസ്ബ് ട്രെയിനിങ് പരീക്ഷ പാസായി സനദ് ലഭിച്ചതിന്റെ ഗുണഫലം അനുഭവിക്കുന്നവനാണു താനെന്ന് അദ്ദേഹം പ്രസംഗിച്ചതോര്‍ക്കുന്നു.
നന്മ പറയുക, നന്മ പ്രതീക്ഷിക്കുക, നന്മ പ്രവര്‍ത്തിക്കുക... അതായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ സവിശേഷത. വിട്ടുവീഴ്ചയുണ്ടായിരുന്നില്ല അക്കാര്യത്തില്‍. അല്‍ ഐനിലെത്തിയ ഒരു പ്രമുഖനേതാവ് നിസ്‌കാരം വൈകിച്ചപ്പോള്‍ ഉസ്താദ് ''നിങ്ങള്‍ വരുന്ന വഴിക്കു ധാരാളം പള്ളികളുണ്ടായിരുന്നില്ലേ. ബാങ്ക് വിളിച്ചാല്‍ ഉടനെ നിസ്‌കരിക്കേണ്ടതല്ലേ, വൈകിച്ചതു ശരിയായില്ല'' എന്നു പറഞ്ഞു. നിസ്‌കാരം ഒഴിവാക്കില്ലെന്നു നേതാവ് പ്രതികരിച്ചപ്പോള്‍ ആദ്യസമയത്തിന്റെ പ്രതിഫലം നഷ്ടപ്പെട്ടില്ലേയെന്നായിരുന്നു മറുപടി. ബാങ്ക് വിളിച്ചാല്‍ ഉടനെ നിസ്‌കരിക്കുക, ഒന്നിച്ച് ആഹാരം കഴിക്കുക, കഴിയുമെങ്കില്‍ ഒരു പാത്രത്തില്‍ നിന്നുതന്നെ കഴിക്കുക... ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശീലങ്ങളും നിര്‍ബന്ധങ്ങളും.
ശമ്പളം കിട്ടിയാല്‍ അതു മുഴുവന്‍ കൊടുത്തുതീര്‍ക്കും. അതില്‍ ഒരു മനഃപ്രയാസവും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. സന്ദര്‍ശകര്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും സസന്തോഷം ചെയ്തുകൊടുക്കും. ഓരോ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഒന്നിലേറെ സഹായപരിപാടികള്‍ കാണാം. നിസ്‌കാരാനന്തരം ചെറു ഉപദേശവുമുണ്ടാകും.
മറ്റൊരനുഭവം പറയാം. എന്റെ വീടു കാണണമെന്ന് ഒരിക്കല്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. 2004ലായിരുന്നു. അദ്ദേഹവും ഏതാനും പ്രമുഖ വ്യക്തികളും വീട്ടില്‍വന്നു. വരാന്തയിലിരുന്ന് പരിസരം വീക്ഷിച്ച് അദ്ദേഹം പ്രതികരിച്ചതിങ്ങനെ, ''ഈ വീട് നല്ല സ്ഥാനത്താണ്.'' സ്ഥാനനിര്‍ണയം നടത്തിയായിരുന്നില്ല ഞാന്‍ വീടുണ്ടാക്കിയത്. താന്‍ പറഞ്ഞതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ''നിരത്തുവക്കിലായതിനാല്‍ എല്ലാ ദിവസവും സ്വദഖ സൗകര്യമുണ്ടാകും, മിക്ക ദിവസങ്ങളിലും യാചകരെത്തും.''
നല്ല മനസിനു മാത്രമേ അങ്ങനെ ചിന്തിക്കാനാവൂ. ആത്മീയ കേരളചരിത്രത്തില്‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ക്കു സുപ്രധാനമായ ഇടമുറപ്പ്. അത്രമേല്‍ വിശുദ്ധവും സൂക്ഷ്മവുമായിരുന്നു ആ ജീവിതം. ഐഹിക ലോകത്തെക്കുറിച്ച് അദ്ദേഹം അല്‍പവും ചിന്തിച്ചതായി അറിയില്ല. വാരിക്കൂട്ടാവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങോട്ട് തിരിഞ്ഞുനോക്കിയതു പോലുമില്ല. പരലോകത്തേക്കു പാഥേയം ഒരുക്കാനാണ് അദ്ദേഹം പാഞ്ഞുനടന്നത്.
അനേകായിരങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവും മാര്‍ഗദര്‍ശിയുമായി അദ്ദേഹത്തിനു ജീവിക്കാനായി. ആത്മീയജ്ഞാനത്തിലും അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ടായിരുന്നു. ചെറുപ്രസംഗങ്ങളാണെങ്കിലും വലിയ പലതും അതില്‍ അടങ്ങിയിട്ടുണ്ടാകും. ആത്മീയദാരിദ്ര്യം അനുഭവപ്പെടുന്ന വര്‍ത്തമാന കാലത്ത് അത്തിപ്പറ്റ ഉസ്താദിന്റെ വിയോഗം നഷ്ടമാണെന്നതില്‍ സംശയമില്ല. അദ്ദേഹത്താല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആത്മീയ കേന്ദ്രങ്ങളും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരാല്‍ ഇനിയും പുഷ്ടിപ്പെടണം. വിശ്വാസി മനസുവച്ചാല്‍ നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിയുമെന്നാണ് അത്തിപ്പറ്റ ഉസ്താദ് സ്വജീവിതത്തിലൂടെ നമുക്കു നല്‍കുന്ന പാഠം.
അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെ. ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."