രൂക്ഷമാകുന്ന കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാരുടെ ലോങ് മാര്‍ച്ച് ഇന്നലെ ആലപ്പുഴയില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ടതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി രൂക്ഷമാകുകയാണ്. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണ്. ആറു മാസം മുമ്പ് ഹൈക്കോടതി പി.എസ്.സിയില്‍നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സി അതവഗണിച്ചു. മാത്രമല്ല, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമിക്കാനാവില്ലെന്നും എം പാനല്‍ ജീവനക്കാരെവച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ എന്നും പറഞ്ഞു. എം പാനല്‍ ജീവനക്കാരാകുമ്പോള്‍ അവര്‍ക്കു മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും പി.എസ്.സി വഴി നിയമിക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കേണ്ടിവരുമെന്നും കണക്കുകൂട്ടിയാണ് സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പെടുത്തിയത്. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇതൊരു താങ്ങാകുമെന്ന് സര്‍ക്കാര്‍ കരുതി. എന്നാല്‍, കഷ്ടപ്പെട്ടു പഠിച്ച് പി.എസ്.സി പരീക്ഷയെഴുതി പാസായവര്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ നഷ്ടം നികത്താന്‍ എം പാനല്‍ ജീവനക്കാരെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന കെ.എസ്.ആര്‍.ടി.സി നയത്തിന് ഇപ്പോള്‍ ഹൈക്കോടതി വിലങ്ങിട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ അന്ത്യശാസനം വന്നയുടനെതന്നെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച 4051 പേരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. എം പാനല്‍ ജീവനക്കാരുടെ ഭാവി പന്താടുകയായിരുന്നു സര്‍ക്കാര്‍. ഒരിക്കലും എം പാനല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാലം തുടരാനാവില്ല എന്ന് സര്‍ക്കാരിന് നിശ്ചയമുണ്ടായിരുന്നു.
അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും ജോലി ലഭിക്കുന്നില്ലെന്നു കാണിച്ച് പാലക്കാട് സ്വദേശി ആന്റണി സ്റ്റിജോയും മറ്റും നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി. പുതുതായി നിയമനം ലഭിച്ചവര്‍ക്കു പരിശീലനം ലഭിക്കാന്‍ രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നും അതുവരെ പൂര്‍വസ്ഥിതി തുടരാന്‍ അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ അപേക്ഷയും കോടതി ചെവിക്കൊണ്ടില്ല. കണ്ടക്ടര്‍മാര്‍ ഡ്രൈവര്‍മാരെപ്പോലെയല്ലെന്നും അവര്‍ക്കു പെട്ടെന്ന് പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കോടതി പറഞ്ഞതോടെ സര്‍ക്കാരിനു മുന്നിലുള്ള മറ്റെല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കൊപ്പം വേണമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ സുശീല്‍ ഖന്ന സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി പി.എസ്.സി നിയമനം ലഭിച്ചവരെ തടഞ്ഞുവച്ചത്. ഇതു ഭരണഘടനാ ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാരിനേറ്റ പ്രഹരമാണ്. ജീവനക്കാരുടെ എണ്ണം ശരാശരിക്കൊപ്പമല്ലെങ്കില്‍ അതിന്റെ ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. സമ്മര്‍ദത്തിലൂടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെ ശുപാര്‍ശകളിലൂടെയും എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കുകവഴി കെ.എസ്.ആര്‍.ടി.സി അമിത ഭാരമാണ് വഹിച്ചത്. ഇതു പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ജോലിക്കായി വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെ പുറത്തു നിര്‍ത്തുകയല്ല വേണ്ടത്. സര്‍ക്കാരിന്റെ പിടിപ്പുകേടായി മാത്രമേ ഇതിനെ കാണാനൊക്കൂ. കാലാവധി കഴിയുന്നതോടെ താല്‍കാലിക ജീവനക്കാരെ ഒഴിവാക്കുകയും അവരുടെ സ്ഥാനത്ത് പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരവസ്ഥ ഉണ്ടാകുമായിരുന്നില്ല. പത്തു വര്‍ഷം വരെ ജോലി ചെയ്തവരെ ഒരു സുപ്രഭാതത്തില്‍ തെരുവിലേക്കിറക്കുമ്പോള്‍ അവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഓര്‍ക്കണമായിരുന്നു. വായ്പയെടുത്ത് വീടു വച്ചും ഫീസ് നല്‍കി കുട്ടികളെ വിദ്യാഭ്യാസത്തിനയച്ചും നാളുകള്‍ കഴിച്ചുകൂട്ടിയ ആയിരങ്ങളാണ് വെറുംകൈയോടെ തെരുവിലേക്കിറങ്ങുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടു സംഭവിച്ച ഈ ദുരന്തം സര്‍ക്കാര്‍തന്നെ അവര്‍ക്കു പുനരധിവാസം നല്‍കി പരിഹരിക്കണം.
ടോമിന്‍ തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എം.ഡിയായി ചുമതലയേറ്റതു മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി സംഘടനകളുമായി കലഹത്തിലാണ്. ഹൈക്കോടതി വിധി കെ.എസ്.ആര്‍.ടി.സിയെ നിരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമില്ല. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിക്കാന്‍ കഴിയില്ലെങ്കിലും നഷ്ടംവരാതെ കൊണ്ടുപോകുന്നതിന് ക്രിയാത്മകമായി എന്തു പ്രവര്‍ത്തനമാണ് മന്ത്രി ഇത്രയും കാലത്തിനിടയില്‍ നിര്‍വഹിച്ചത് ജീവനക്കാരെ വെട്ടിക്കുറച്ചും സര്‍വീസുകള്‍ റദ്ദാക്കിയും നഷ്ടം നികത്താനാവില്ല.
കണ്ടമാനം ആളുകളെ നിയമിക്കുക, പിന്നെയവരെ തെരുവിലേക്കു വലിച്ചെറിയുക എന്നതായിരുന്നില്ലേ കെ.എസ്.ആര്‍.ടി.സി അനുവര്‍ത്തിച്ചുപോന്ന നയം ഒരു സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ട നടപടികളാണോ ഇതെല്ലാം തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തെയാണ് കെ.എസ്.ആര്‍.ടി.സി നിഷേധിക്കുന്നത്. സര്‍ക്കാര്‍ കുറേകൂടി വിവേകപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാതെ തന്നെ പി.എസ്.സി ലിസ്റ്റിലുള്ളവരെ ഘട്ടംഘട്ടമായി നിയമിക്കാമായിരുന്നില്ലേ ഒരൊറ്റ ആളെപ്പോലും ഇടതുമുന്നണി സര്‍ക്കാര്‍ പി.എസ്.സിയില്‍നിന്ന് ഇതുവരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിച്ചിട്ടില്ല.
സര്‍വീസുകള്‍ മുടങ്ങിത്തന്നെ കിടക്കുന്നു. അധികവേതനം നല്‍കാമെന്നുപറഞ്ഞിട്ടും ഓവര്‍ടൈം ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. സിംഗിള്‍ ഡ്യൂട്ടി മതിയെന്നായിരുന്നല്ലോ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പറഞ്ഞിരുന്നത് എന്നാണവരുടെ ന്യായം. ക്രിസ്മസ് അവധിക്കാലം വരാന്‍പോകുന്നു. ഇതര ജില്ലകളില്‍നിന്നും മൈസൂരു, ബംഗളൂരു പോലുള്ള സ്ഥലങ്ങളില്‍നിന്നും മലയാളികള്‍ അവധിക്കു നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിക്കാറ്. സര്‍ക്കാര്‍ വരുത്തിവച്ച വിനമൂലം ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."