എന്റെ ഭാരതം ശ്രേഷ്ഠം, എന്റെ മാഡം ഗംഭീരം; സുഷമയ്ക്കു നന്ദിയുമായി ഫൗസിയ അന്‍സാരി
ന്യൂഡല്‍ഹി: പാകിസ്താനില്‍ ആറുവര്‍ഷത്തെ തടവിനു ശേഷം മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ യുവ എന്‍ജിനീയറും മാതാവും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ച വികാര നിര്‍ഭരമായി. ഇന്നലെയാണ് മാതാവ് ഫൗസിയ അന്‍സാരിയും മകന്‍ ഹാമിദ് നിഹാല്‍ അന്‍സാരിയും വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചത്.
'എന്റെ ഭാരതം ശ്രേഷ്ഠം, എന്റെ മാഡം (സുഷമാ സ്വരാജ്) ഗംഭീരം, നിങ്ങളെല്ലാം ചെയ്തുതന്നു' എന്നായിരുന്നു അന്‍സാരിയുടെ മാതാവ് ഫൗസിയ മന്ത്രിയെ ആലിംഗനം ചെയ്ത് പറഞ്ഞത് . കൂടിക്കാഴ്ചയുടെ വിഡിയോ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
ജയിലിലെ ജീവിതം നരകതുല്യം
പാക് ജയിലിലെ തടവുശിക്ഷ നരകതുല്യമായിരുന്നുവെന്ന് ഹാമിദ് നിഹാല്‍ അന്‍സാരി. ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സംഭവിക്കും. ചിലര്‍ ഒരു വിദേശിയെന്ന രീതിയില്‍ തന്നോടു മാന്യമായി പെരുമാറി, മറ്റുചിലരാകട്ടെ തന്നെ ഇന്ത്യക്കാരനെന്ന് ചൂണ്ടിക്കാട്ടി വിവേചനത്തോടെയാണ് പെരുമാറിയത്. മൂന്നുവര്‍ഷം കൊടിയ പീഡനമായിരുന്നു പാക് ജയിലില്‍. കരകയറാന്‍ കഴിയാത്ത വലിയൊരു കുഴിയില്‍ അകപ്പെട്ടപോലെയായിരുന്നു ആദ്യം തോന്നിയത്. താനൊരിക്കലും ഇനി സ്വന്തം വീട് കാണില്ലെന്നും വിശ്വസിച്ചു. പൊലിസ് അറസ്റ്റ് ചെയ്ത തന്നെ മൂന്നുവര്‍ഷം ഏകാന്ത തടവിലിട്ടു. രാത്രിയും പകലും അറിയാത്ത വിധത്തിലായിരുന്നു തന്നെ തടവില്‍ പാര്‍പ്പിച്ചത്. 24 മണിക്കൂറില്‍ ഒരിക്കല്‍ മാത്രമാണ് ശുചീകരണത്തിന് അനുവദിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."