ബ്രക്‌സിറ്റ്: നോ ഡീലിന് ഇ.യു തയാറെടുപ്പുകള്‍ ആരംഭിച്ചു
ബ്രസല്‍സ്: ബ്രക്‌സിറ്റിന് നോ ഡീല്‍ (ഉടമ്പടിയില്ലാത്ത പിന്മാറ്റം) പദ്ധതികള്‍ക്കായുള്ള തയാറെടുപ്പുകള്‍ യൂറോപ്യന്‍ യൂനിയന്‍ ആരംഭിച്ചു.
യൂറോപ്യന്‍ യൂനിയനുമായി (ഇ.യു) ഉടമ്പടിയില്‍ എത്തിച്ചേരാതെ പിന്‍വാങ്ങുകയാണെങ്കിലുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
യു.കെ പിന്‍മാറ്റത്തെ തുടര്‍ന്നുള്ള ആഘാതങ്ങളെ കുറയ്ക്കാനാണിത്. തയാറെടുപ്പുകള്‍ സമയാധിഷ്ടിതമായിരിക്കുമെന്നും യു.കെയുമായി യാതൊരു ചര്‍ച്ചകളുമില്ലാത്തെ അവസാനിപ്പിക്കുമെന്നും ഇ.യു കമ്മിഷന്‍ പറഞ്ഞു.
ഗതാഗതം, നികുതി, ഡേറ്റാ സംരക്ഷണം, സാമ്പത്തികം ഉള്‍പ്പെടെയുള്ള എട്ടോളം മേഖലകളില്‍ ആവശ്യമായ നടപടികള്‍ക്കാണ് ഇ.യു തുടക്കമിട്ടിരിക്കുന്നത്.
കരട് ഉടമ്പടിയില്‍ ഭേദഗതി വരുത്താന്‍ ഇ.യു നേതാക്കള്‍ തയാറാകാതിരിക്കുകയും നിലവിലെ ഉടമ്പടിക്ക് അംഗീകാരം നല്‍കാന്‍ ഭൂരിഭാഗം എംപിമാരും തയാറാകാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഉടമ്പടിയില്ലാത്ത പിന്മാറ്റത്തെക്കുറിച്ചുള്ള നടപടികള്‍ യു.കെ സര്‍ക്കാര്‍ ആരംഭിച്ചത്.
ഉടമ്പടിയില്ലാതെ പിരിയുന്ന സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാനുള്ള രണ്ടു ബില്യണ്‍ പൗണ്ടിന്റെ അടിയന്തിര സഹായത്തിനു മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
നോ ഡീല്‍ ബ്രക്‌സിറ്റിന് ഒരുങ്ങാന്‍ 1,40,000 സ്ഥാപനങ്ങള്‍ക്കു കത്തുനല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സഹായിക്കാന്‍ അടിയന്തര സാഹചര്യത്തില്‍ 3,500 സൈനികരുടെ സേവനം തേടാനും തീരുമാനമുണ്ട്.
ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ ഇനി കൃത്യം 100 ദിവസങ്ങള്‍ മാത്രമാണു ബാക്കി. ജനുവരി 14ന് കരട് ഉടമ്പടി പാര്‍ലമെന്റ് തള്ളിയാല്‍ പിന്നെ മറ്റൊരു ചര്‍ച്ചയ്‌ക്കോ ഉടമ്പടിക്കോ സമയമില്ല. ഈ സാഹചര്യത്തിലാണ് നോ ഡീല്‍ബ്രക്‌സിറ്റിനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരുടെ അവിശ്വാസം അതിജീവിച്ചതിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മേക്കെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം അവിശ്വാസ നോട്ടിസ് നല്‍കിയിരുന്നു. ബ്രക്‌സിറ്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരത്തില്‍ മാത്രമേ നടക്കുകയുള്ളൂവെന്ന തെരേസാ മേയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിയാന്‍ അവിശ്വാസ നോട്ടിസ് സമര്‍പ്പിച്ചത്.
ഇതിനിടെ പ്രതിപക്ഷം നല്‍കിയ അവിശ്വാസത്തിനുള്ള നോട്ടിസ് പരിഗണിക്കേണ്ട സാഹചര്യം തല്‍ക്കാലമില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് വ്യക്തമാക്കി. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതില്‍ സമയം അനുവദിക്കുന്നതിനു സര്‍ക്കാരും വിമുഖത അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."