അന്തര്‍സംസ്ഥാന ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി
കൊല്ലം: സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളില്‍ പരിശോധന നടത്തി. ഇന്നലെ പുലര്‍ച്ചെ നാലുമുതല്‍ കൊല്ലം താലൂക്ക് കച്ചേരി ജങ്ഷനിലായിരുന്നു പരിശോധന. ക്രിസ്തുമസ് പുതുവത്സരാഘോഷ വിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും പുകയില ഉല്‍പ്പനങ്ങളും സ്വകാര്യ സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ ബസുകളില്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലിസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
കൊല്ലം വഴി കടന്നുപോകുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ എല്ലാം പരിശോധിച്ചു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. സര്‍വിസ് ബസുകളുടെയെല്ലാം ഷെഡ്യൂള്‍ രാത്രിയായതിനാല്‍ ഇത്തരം നിരോധിത വസ്തുകള്‍ കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് വിപുലമായ രീതിയില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
കൊല്ലം എ.സി.പി പ്രദീപ് കുമാര്‍, ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, വെസ്റ്റ് സി.ഐ വി.എസ് ബിജു, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ എം. നൗഷാദ്, കൊല്ലം എക്സൈസ് സി.ഐ ഐ. നൗഷാദ്, മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജി കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."