വീണ്ടും തുര്‍ക്കി-ഖത്തര്‍ സംയുക്ത സൈനികാഭ്യാസം
ഇസ്താംബൂള്‍: അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടെ തുര്‍ക്കിയുമായി ചേര്‍ന്ന് ഖത്തര്‍ വീണ്ടും സൈനികാഭ്യാസം നടത്തി. ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഡയരക്ടറേറ്റ് ഓഫ് ഡിഫന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ ലഫ്. കേണല്‍ നവാഫ് ബിന്‍ മുബാറക് ബിന്‍ സൈഫ് അല്‍ഥാനി ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായാണ് സൈനിക പരിശീലനമെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ അമീരി നാവികസേനയും തുര്‍ക്കിയുടെ സ്പെഷല്‍ നേവല്‍ ഫോഴ്സും ചേര്‍ന്നാണ് ഖത്തര്‍ സമുദ്രത്തില്‍ രണ്ട് ദിവസം നീണ്ടുനിന്ന സംയുക്ത പരിശീലനം നടത്തിയത്. ഖത്തറിന്റെ അതിര്ത്തിതീര രക്ഷാ സേനയും സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്ത. പരിശീലനത്തിനിടെ ഉപരിതല മിസൈലുകളും പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയുടെ അത്യാധുനിക യുദ്ധക്കപ്പലായ ടി.സി.ജി ഗൊകോവയും പരിശീലനത്തില്‍ പങ്കാളിയായി.
രണ്ടുഘട്ടങ്ങളിലാണ് സൈനികാഭ്യാസം നടന്നതെന്ന് നാവിക കമാന്‍ഡര്‍ ലഫ്. കേണല്‍ ഫലാഹ് മഹ്ദി അല്‍ അഹ്ബാബി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധിക്കിടെ ഇരുരാജ്യങ്ങളും പരസ്പരം ഒപ്പുവച്ച സഹകരണ കരാറിന്റെ ഭാഗമായാണ് സംയുക്ത പരിശീലനം നടന്നതെന്നും ഇത് ഇനിയും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."