പള്ളിക്കല്‍ പഞ്ചായത്തിലെ വിവാദം; ലീഗില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയില്ലെന്ന് മിഥുന
പള്ളിക്കല്‍: മുസ്‌ലിം ലീഗില്‍നിന്നു തന്നെ സസ്‌പെന്‍ഡ് ചെയ്തതായി അറിയില്ലെന്നു പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന. മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലൊരു വിവരമറിയുന്നതെന്നും പാര്‍ട്ടി രേഖാമൂലം കത്ത് നല്‍കുകയോ വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനം നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നു തലേ ദിവസം രാത്രിയാണ് ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ അനുമതിയോടെ നടത്താന്‍ തീരുമാനിച്ച പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ആരോപണവിധേയനായ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ പങ്കെടുക്കുന്നതിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയ ശേഷവും മന്ത്രി സംബന്ധിച്ച വിവിധ പരിപാടികളില്‍ ഉന്നത നേതാക്കള്‍ പങ്കെടുത്തിട്ടു നടപടിയെടുക്കാത്ത നേതൃത്വം, തന്റെ പേരില്‍ മാത്രം നടപടിക്കൊരുങ്ങിയെന്ന വാര്‍ത്ത അംഗീകരിക്കാനാകുന്നതല്ലെന്നും മിഥുന പറഞ്ഞു.
പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കി പഞ്ചായത്തിലെ പ്രസിഡന്റ് പദവിയും മെമ്പര്‍ സാഥാനവും ഒഴിയാനാവശ്യപ്പെട്ടാലും പ്രസിഡന്റ് പദവിയും മെമ്പര്‍ സ്ഥാനവും രാജിവയ്ക്കില്ലെന്നും തന്നെ അധികാരത്തിലേറ്റിയ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'മിഥുനയുടെ പ്രസ്താവന അടിസ്ഥാനരഹിതം'
പള്ളിക്കല്‍: കുടിവെള്ള പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിഥുനയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നു ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ ഖാദര്‍.
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നിര്‍ദേശാനുസരണം സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചു നിര്‍മിക്കുന്ന ആറാം വാര്‍ഡിലെ കുടിവെള്ള പദ്ധതിക്ക് ഫണ്ടനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് പോലും തയാറാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഫണ്ട് വിനിയോഗിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതിനു ഭരണസമിതി യോഗം വിളിക്കുകയോ മറ്റു പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യും മുന്‍പേ ശിലാസ്ഥാപനം നടത്തിയത് അടുത്ത കാലത്തായി സി.പി.എമ്മിന്റെ ചട്ടുകമായി മാറിയ പ്രസിഡന്റിനെക്കൊണ്ട് നടത്തിയ വിലകുറഞ്ഞ രാഷ്ടീയ നാടകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു വാര്‍ഡില്‍ മാത്രം ഒതുങ്ങുന്ന കുടിവെള്ള പദ്ധതിയുടെ ചടങ്ങിനു പാര്‍ട്ടിയെ ധിക്കരിച്ചു പങ്കെടുത്ത പ്രസിഡന്റ് പഞ്ചായത്തിന്റെ മൊത്തമായുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന എം.എല്‍.എ വിളിച്ചു ചേര്‍ത്ത ചീക്കോട് കുടിവെള്ള പദ്ധതിയുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നതു നേരത്തെ വിവാദമായിരുന്നു.
പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന മിക്ക യോഗങ്ങളിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ പങ്കെടുക്കാറില്ലെന്നാണ് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."