മഞ്ചേരി മെഡിക്കല്‍ കോളജ് കാത്ത്‌ലാബ് നിര്‍മാണം അന്തിമഘട്ടത്തില്‍
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കനുവദിച്ച കാത്ത്‌ലാബിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മാര്‍ച്ചില്‍ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കാത്ത് ലാബിലേക്കു യന്ത്രങ്ങള്‍ എത്തിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. മുംബൈയില്‍നിന്ന് അഞ്ചു ലോറികളിലായാണ് യന്ത്രങ്ങള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രിയില്‍ തന്നെ കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഓപറേഷന്‍ തിയറ്റര്‍ സമുച്ചയത്തില്‍ സജ്ജമാക്കിയ ലാബില്‍ യന്ത്രങ്ങള്‍ എത്തിച്ചു. ലാബിനോടു ചേര്‍ന്നു കാത്ത് ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്. റേഡിയേഷന്‍ ലൈസന്‍സ് ഇതിനകം ലഭ്യമായി. കാത്ത് ലാബിന്റെ സിവില്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
കാത്ത്‌ലാബ് ഒരുക്കുന്നതിന് അഞ്ചു കോടി രൂപയാണ് ചെലവ്. വിപ്രോജി കമ്പനിക്കാനാണ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കരാര്‍ നല്‍കിയത്. മൂന്നു കോടി രൂപ ചെലവിട്ടാണ് കാത്ത് ഐ.സി.യു സജ്ജമാക്കിയത്. ഇലക്ട്രക്കല്‍ സജ്ജീകരണങ്ങള്‍ എച്ച്.എല്‍.എല്‍ കമ്പിനിയുടെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് ആദ്യവാരത്തില്‍ കാത്ത് ലാബ് ചികിത്സയ്ക്കായി തുറന്നുകൊടുക്കും. കാത്ത് ഐ.സി.യുവില്‍ ആറു കിടക്കകളാണ് സജ്ജമാക്കിയത്. സൗകര്യങ്ങളുടെ കാര്യത്തില്‍ കെ.എം.എസ്.സി.എല്‍ ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിക്കഴിഞ്ഞു. പ്രതിമാസം ആയിരത്തോളം രോഗികള്‍ ഹൃദയസംബന്ധമായ ചികിത്സകള്‍ക്ക് ഒ.പിയിലെത്തുന്നുണ്ട്. നിര്‍ധനരായ രോഗികള്‍ക്കു പലപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടാകില്ല. കാത്ത്‌ലാബ് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയില്‍നിന്നുള്ള നിര്‍ധനരായ നൂറുക്കണക്കിന് ഹൃദ്രോഗികള്‍ക്കു മറ്റു മെഡിക്കല്‍ കോളജുകളെ ആശ്രയിക്കേണ്ടതായും വരില്ല.
2015ലാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്കു കാത്ത് ലാബ് അനുവദിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ഓഗസ്റ്റ് 18നു സ്ഥലപരിശോധനയ്ക്കായി മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി. പിന്നീട് പ്രവൃത്തികള്‍ വൈകിയതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കനുവദിച്ച കാത്ത്‌ലാബ് മലപ്പുറത്തേക്കു മാറ്റുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍, കാഞ്ഞങ്ങാടിന്റേത് അവിടെ നിലനിര്‍ത്തി മഞ്ചേരി ആശുപത്രിക്കായി കാത്ത്‌ലാബ് തുടങ്ങാന്‍ പിന്നീട് തീരുമാനമെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."