പൊലിസ് തൊപ്പിവച്ച് പ്രതിയുടെ സെല്‍ഫി എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍
കോട്ടയം: അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടയം ഈസ്റ്റ് പൊലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍ കുമാര്‍, പൊലിസുകാരായ വിനോദ്, ജയചന്ദ്രന്‍ എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയത്.
ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ നേതാവ് കുമരകം തൈപറമ്പില്‍ മിഥുന്‍ എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്തത്. കോട്ടയം ഡിവൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടെ സംഭവത്തിലൂടെ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കിയ യുവനേതാവിനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ -ഓര്‍ഡിനേറ്ററും കുമരകം കണ്ണാടിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മിഥുനെയാണ് (അമ്പിളി -23) സസ്‌പെന്‍ഡ് ചെയ്തത്.
കുമരകത്തു കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബി.എം.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ മിഥുന്‍ എസ്.ഐയുടെ തൊപ്പിവച്ച സെല്‍ഫി തന്റെ വാട്‌സ്ആപ്പിലൂടെ പുറത്തു വിട്ടിരുന്നു. പിന്നീട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി സമൂഹമാധ്യമങ്ങളിലൂടെ ഇത് പരസ്യമാക്കിയതോടെ സംഭവം വിവാദമാകുകയായിരുന്നു. മിഥുനെതിരേ മൂന്നു വധശ്രമക്കേസ് ഉള്‍പ്പെടെ 18 കേസുകളുണ്ടെന്നു കോട്ടയം ഡിവൈ.എസ്.പി അറിയിച്ചു.
സംസ്ഥാനത്തു സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയത്തു രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഒന്നാം തിയതി സമാധാന ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു. ഈ ധാരണ തെറ്റിച്ച് അഞ്ചാം തിയതി കുമരകത്തു വീണ്ടും അക്രമമുണ്ടായി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ക്കു മര്‍ദനമേറ്റു.
ഈ സംഭവത്തെ തുടര്‍ന്നു മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് മിഥുനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."