തളിപ്പറമ്പില്‍ ബേക്കറിയില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; നിര്‍മാണ തിയതിയില്‍ ക്രമക്കേട്
തളിപ്പറമ്പ്: പാലകുളങ്ങരയില്‍ തമിഴ്‌നാട് സ്വദേശികളുടെ അനധികൃത ബേക്കറി നിര്‍മാണ യൂനിറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ നിര്‍മാണ തിയതി രേഖപ്പെടുത്തുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. പുതിയതും പഴകിയതുമായ ബേക്കറി ഉല്‍പന്നങ്ങളുടെ പാക്കറ്റുകളില്‍ നിര്‍മാണ തിയതി മുന്‍കൂട്ടി രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയത്.
വലിയ അളവില്‍ ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിവിധ തിയതികള്‍ രേഖപ്പെടുത്തിയാണ് കടകളില്‍ വിതരണം ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു യൂനിറ്റില്‍നിന്ന് തന്നെ പലപേരുകള്‍ രേഖപ്പെടുത്തിയാണ് ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യുന്നത്. വെട്രി, ഗ്രാമം, അഭിനന്ദ്, സീനു ഇതെല്ലാം ഒരു യൂനിറ്റിന്റെ വിവിധ പേരുകളാണ്.
കൂടാതെ പരിശോധനയില്‍ അച്ചപ്പം, മിക്‌സ്ച്ചര്‍, മുറുക്ക്, തേനുണ്ട, കടല, ചിപ്‌സ് തുടങ്ങിയ പിടിച്ചെടുത്തു. പിടിച്ചെടുത്തവ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുമെന്നും യൂനിറ്റ് അടച്ചുപൂട്ടാനും നഗരസഭ ചട്ടങ്ങള്‍ അനുസരിച്ച് അനുമതി നേടിയതിന് ശേഷം മാത്രമേ യൂന്നിറ്റ് തുറക്കാവൂ എന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ബൈജു പറഞ്ഞു. ഇന്നലെ ഉച്ചക്കുശേഷം നടത്തിയ റെയ്ഡില്‍ ജെ.എച്ച്.ഐമാരായ എസ്. അബ്ദുറഹ്മാന്‍, വി.വി മനോജ് കുമാര്‍, എം. ദിനേശന്‍, വി.പി അഫ്‌സില എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."