അര്‍ജുന്റെ ദുരൂഹമരണം: ബന്ധുക്കള്‍ കര്‍ണാടകത്തിലേക്ക്
തളിപ്പറമ്പ്: ബംഗളൂരു യെലഹങ്ക ആദിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എം.ബി.എ വിദ്യാര്‍ഥി തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമായി. അര്‍ജുന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ഉറച്ചനിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാല്‍ മരണത്തിന്റെ യഥാര്‍ഥ വസ്തുത വ്യക്തമാകുമെന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും അടുത്തദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാനുളള തയാറെടുപ്പിലാണ്. അര്‍ജുന്റെ പിതാവ് പ്രഭാകരന്‍, ഇളയച്ഛന്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, നാട്ടുകാരായ ടി.വി വിനോദ്, ബിജുമോന്‍ തുടങ്ങിയവരാണ് ബംഗളൂരുവിലേക്കു പോകുന്നത്. അര്‍ജുനെ താമസസ്ഥലത്തുനിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മരിച്ചതായി കണ്ടെത്തിയത്. ഇവിടെ യാതൊരു കാരണവശാലും പോകാനിടയില്ലെന്നത് സംശയം ബലപ്പെടുത്തുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് അര്‍ജുനെയും ചില സഹപാഠികളെയും ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അര്‍ജുന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് വിളിച്ചുവരുത്തിയവര്‍ സ്റ്റേഷനില്‍വച്ച് അര്‍ജുനുമായി വാക്ക്തര്‍ക്കമുണ്ടായിരുന്നു. അന്നുതന്നെയാണ് അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടാതെ അര്‍ജുന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴും നാട്ടിലേക്ക് കൊണ്ടുവരുമ്പോഴും സഹപാഠികളുടെ സാന്നിധ്യമില്ലാത്തിരുന്നതും ദുരൂഹതയുണര്‍ത്തുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ബന്ധുക്കളും നാട്ടുകാരും ബംഗളൂരുവിലേക്കു തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."