ശ്രീശാന്തിന്റെ തിരിച്ചുവരവിന് സാധ്യത തെളിയുന്നു; ബി.സി.സി.ഐ യോഗം ഇന്ന്
കൊച്ചി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരേയുള്ള വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് ശ്രീശാന്ത് കത്ത് നല്‍കി. ഇന്ന് മുംബൈയില്‍ ചേരുന്ന ബി.സി.സി.ഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അപ്രതീക്ഷിതമായി കോടതി വിധിയുണ്ടായതിനാല്‍ ഈ വിഷയം യോഗം അടിയന്തരമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് ബി.സി.സി.ഐവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ബി.സി.സി.ഐ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രിംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളില്‍ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാതെ ബി.സി.സി.ഐ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ സുപ്രിംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളെ കൂടി കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയിരുന്നു.
ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ബി.സി.സി.ഐയുടെ ഭരണസാരഥി വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹരജിയില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെ നിലപാട് ശ്രീശാന്തിന്റെ തിരിച്ചു വരവിന്റെ കാര്യത്തില്‍ നിര്‍ണായകമാവും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവിന്റെ പിന്തുണയും ശ്രീശാന്തിനുണ്ട്.
ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനൂകൂലമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തത തേടി ബി.സി.സി.ഐ ഭാരവാഹികളുമായി സംസാരിച്ചിട്ടുണ്ടെന്ന് കെ.സി.എ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം.വി ശ്രീധര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്റ് വിനോദ് റായിക്ക് തുടര്‍ നിലപാട് ആരാഞ്ഞ് ഇമെയില്‍ അയച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
ബി.സി.സി.ഐ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."