200 മീറ്റര്‍ റോഡിന് പ്രദേശവാസികള്‍ക്കായത് ഒരു ലക്ഷം, 300 മീറ്ററിന് പഞ്ചായത്ത് ചെലവിട്ടത് നാലര ലക്ഷം
മാനന്തവാടി: തങ്ങള്‍ക്ക് ഏക ആശ്രയമായ റോഡിനെ അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളായ എട്ടോളം പേര്‍ ചേര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്നും പണം മുടക്കി നിര്‍മിച്ച റോഡിന് ചെലവായത് ഒരു ലക്ഷത്തില്‍ താഴെ രൂപ മാത്രം. അതെസമയം ഇപ്പോഴും കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായ റോഡ് ഗ്രാമപഞ്ചായത്ത് നിര്‍മിച്ചതാകട്ടെ നാലരലക്ഷം രൂപ ചെലവിലും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി ഹൈസ്‌കുള്‍ അശ്വന്‍കുന്ന് റോഡാണ് പ്രദേശവാസികള്‍ ആറടി ഉയരത്തില്‍ മണ്ണിട്ട് ഗതാഗത യോഗ്യമാക്കിയത്. ആദിവാസി കോളനികള്‍, നിരവധി കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഏക ആശ്രയമായ റോഡ് കൂടിയാണിത്. കൂടാതെ ക്ഷീരസംഘം, ബാങ്ക്, പോസ്റ്റ് ഓഫിസ്, തൃശ്ശിലേരി ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള അനേകം യാത്രക്കാരും 400ഓളം വിദ്യാര്‍ഥികളും കാല്‍നടയാത്ര ചെയ്യുകയും പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന കൃഷിയിടങ്ങളിലെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് കൂടിയുള്ള റോഡാണ് നാട്ടുകാര്‍ നിര്‍മിച്ചത്. എന്നാല്‍, 759 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയിക്കി പഞ്ചായത്ത് നിര്‍മിച്ച അശ്വന്‍കുന്ന് കോളനി റോഡാകട്ടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായ സ്ഥിതിയിലാണുള്ളത്.
ഇതിന് ചെലവഴിച്ചതാകട്ടെ 4,55000 രൂപയും. ഇതിനിടെ നാട്ടുകാര്‍ നിര്‍മിച്ച റോഡില്‍ ഗ്രാമപഞ്ചായത്ത് ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ശിലാഫലകത്തില്‍ ഏറെ വിചിത്രമായിരിക്കുന്നത് 759 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ റോഡ് പ്രവര്‍ത്തികള്‍ ആരംഭിച്ചതും പ്രവര്‍ത്തികള്‍ അവസാനിപ്പിച്ചതും ഒരേ ദിവസമാണ് എന്നുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."