മായുന്ന കലകള്‍: കാട്ടുനായ്ക്കര്‍ തെരണ്ടു കല്യാണവും മറന്നു
റഷീദ് നെല്ലുള്ളതില്‍
കാട്ടുനായ്ക്ക കോളനികള്‍ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ അവരുടെ ആചാരങ്ങളുടെ കാര്യം പറയാനുണ്ടോ വ്യത്യസ്തവും രസകരവുമായ ആചാരങ്ങള്‍ക്കും ചരമഗതിയാണെന്ന് ജില്ലയിലെ വിവിധ കാട്ടുനായ്ക്ക കോളനികള്‍ സന്ദര്‍ശിച്ചവര്‍ക്ക് ബോധ്യമാകും.
തെരണ്ടു കല്യാണം, അഥവാ ഗുഡമന എന്നു പറഞ്ഞാല്‍ പുതുതലമുറക്ക് അത്ഭുതമായിരിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും മഹനീയമായ ആചാരമായാണ് ഇത് കരുതപ്പെടുന്നത്. പെണ്‍കുട്ടി തെരണ്ടാല്‍ ഊരുമൂപ്പനെ വിവരമറിയിക്കുന്നതാണ് ചടങ്ങ്. മൊതാലിയാണ് കാട്ടുനായക്കരിലെ ഊരുമൂപ്പന്‍.
മൊതാലി അവള്‍ക്കായി ഒരു കുടില്‍ കെട്ടും. അതാണ് ഗുഡമന. പെണ്‍കുട്ടിയുടെ വാസസ്ഥലമായിരിക്കും അത്. 12 കാലില്‍ നിലം പറ്റി നില്‍ക്കുന്ന ഗുഡയില്‍ അവള്‍ക്ക് കൂട്ടായി ചെറിയ കുട്ടിയേയും പാര്‍പ്പിക്കും. പുരുഷന്‍മ്മാര്‍ ഈ സമയത്ത് കുട്ടിയെ സന്ദര്‍ശിക്കാന്‍ പാടില്ല. വളരെ ചെലവേറിയ ചടങ്ങാണിത്. ചെലവ് കുടുംബത്തിന് വഹിക്കാന്‍ പറ്റില്ലെങ്കില്‍ ആവശ്യമായ തുകയാകുന്നതു വരെ പെണ്‍കുട്ടി ഗുഡമനയില്‍ താമസിക്കണം. ഗുഡമന പൊളിക്കുന്നതും ആഘോഷമായാണ്. മൂപ്പനാണ് പന്തലിന്റെ കാലിളക്കി മാറ്റി മന പൊളിക്കുന്നത്. തെരണ്ട കുട്ടിയെ കുളിപ്പിച്ച് മുക്കുപണ്ടങ്ങളും പുതിയ വസ്ത്രങ്ങളും അണിയിച്ച് സ്ത്രീകള്‍ പന്തലിലേക്ക് ആനയിക്കുന്നതാണ് പ്രധാന ചടങ്ങ്.
കാരണവരുടെ അനുഗ്രഹം തേടി പെണ്‍കുട്ടി കുടവുമായി വെളളത്തിന് പുറപ്പെടുന്നു. തിരിച്ച് വന്ന് വീടിന് മൂന്ന് തവണ വലം വെക്കുന്നതോടെ കുട്ടിക്ക് വിവാഹ പ്രായമായി എന്നാണ് വിശ്വാസം. സന്ധ്യയായാല്‍ പുരുഷന്‍മ്മാര്‍ താളത്തിനൊത്ത് നൃത്തം ചവിട്ടും. ഏഴ് ദിവസത്തിനുശേഷം ഗുഡമന മൂപ്പന്‍ കത്തിക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. കുട്ടികള്‍ ജനിച്ചാലുളള ചടങ്ങും രസകരമാണ്. ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് കാട്ടുമൃഗത്തിന്റെ രക്തം നാവില്‍ തൊടുവിക്കുന്നതും ഇവര്‍ക്ക് ആചാരമാണ്. കാട്ടുനായ്ക്ക കോളനികളില്‍ ഇപ്പോള്‍ ആചാരങ്ങളേറെയും വിസ്മൃതമാണ്. ഈ മൊബൈല്‍ യുഗത്തില്‍ ആര്‍ക്കും ഒന്നിനും നേരമില്ലാത്ത അവസ്ഥ.
പണ്ടത്തെ ആചാരങ്ങളൊക്കെ ആര്‍ക്ക് വേണം എന്ന മനോഭാവമാണ് പുതുതലമുറക്കാര്‍ക്ക്. കോളനികളിലെ മുത്തശ്ശിമാര്‍ മാത്രം വാശി പിടിക്കുന്നു.
എല്ലാ വിഭാഗം ആദിവാസികള്‍ക്കും തെരണ്ട് കല്യാണവും മറ്റ് ചടങ്ങുകളും ഉണ്ടെങ്കിലും കാട്ടുനായ്ക്കരുടെ ആചാരങ്ങള്‍ രസകരമാണ്. അവര്‍ വിശ്വാസത്തെ ദൈവത്തെ പോലെ കാണുന്നു. ആചാരങ്ങള്‍ പുതുതലമുറ കാത്തു സൂക്ഷിക്കാത്തതില്‍ വിഷമമുണ്ടെന്ന് കാരണവമ്മാര്‍ പറയുന്നു.
ഉച്ചാലും വട്ടക്കളിയും ഇനിയെത്ര കാലം?
കുറുമ്പനാട്ടിക്കാരുടെ പ്രത്യേകതരം ആചാരമാണ് ഉച്ചാലും വട്ടക്കളിയും. കുറുമ്പകോളനികള്‍ക്ക് തിരുമുഖം എന്നാണ് പേര്. കാപ്പിമൂപ്പനാണ് കുറുമ്പരുടെ നേതാവ്. പണ്ടൊക്കെ ഉച്ചാലിക്ക് വലിയ തിരക്കാണെന്ന് കാപ്പിമൂപ്പന്‍ പറയുന്നു. ജില്ലയിലെ ആനക്കാടുകളിലൂടെ മൈലുകളോളം നടന്നാണ് ഊരാളികളും പണിയരും കാടരുമൊക്കെ ഉച്ചാലിക്ക് വരുക. കണ്ട് നില്‍ക്കുന്നതിന് പകരം അതില്‍ പങ്കാളികളാവാനാണ് അവര്‍ വരിക. പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മടങ്ങും. അത്ര വലിയ തിരക്കാണ് ഊച്ചാലിക്ക്. വട്ടക്കളിയും ഊരാളിക്കളിയുമാണ് കെങ്കേമം. അതിന് പുതിയ തപ്പയും (മാന്‍ തോലിട്ട ചെറിയ ചെണ്ട), കുഴലും കൊമ്പുമൊക്കെ കോളനിക്കാര്‍ തയാറാക്കും. കുറച്ചു മാസം മുമ്പ ്ഈറ്റ മുറിച്ച് ഊറക്കിട്ടാണ് കുഴലുണ്ടാക്കുക. നല്ല ചുവപ്പും മഞ്ഞയും കലര്‍ന്ന നിറം വരുമ്പോഴാണ് കമ്പി പഴിപ്പിച്ച് അതിന് തുളകളിടുക.
ഉച്ചാലെന്ന വാക്ക് കേള്‍ക്കാത്ത ആദിവാസികള്‍ കുറവായിരിക്കും. കുംഭമാസം ഒന്നിനാണ് ഉച്ചാലിന് തുടക്കം. മുത്തപ്പനാണ് ഇവരുടെ മൂര്‍ത്തി. തേങ്ങ നേര്‍ച്ചയിലാമ് ഉച്ചാലിന് തുടക്കം. വെളുപ്പിനെ കുടുംബക്കാര്‍ കുളിച്ച് ശുദ്ധിയായി കുറിതൊട്ട് പൊതിച്ച തേങ്ങയും വെല്ലവുമായി മുത്തപ്പന്‍ തറയിലേക്ക് പോകും. മൂപ്പന്‍ നിയമിക്കുന്ന കുട്ടികള്‍ അതുടച്ച് പാതി നേര്‍ച്ചക്കാര്‍ക്ക് തിരികെ കൊടുക്കും. തേങ്ങപ്പൊതി ഇവര്‍ സ്ത്രീകളും കുട്ടികളും വാങ്ങും. കൃഷി നന്നാക്കാനും വന്യമൃഗ ശല്യമുണ്ടാകാതിരിക്കാനും കുട്ടികളില്ലാത്തവര്‍ക്ക് പരിഹാരം കാണാനും ഇതാണ് അവരുടെ നേര്‍ച്ച. മദിപ്പുരേലും തേങ്ങ നേര്‍ച്ചയുണ്ട്. ഗുളിക മുത്തപ്പന്‍ തറേലേ പാതി കുട്ടികള്‍ തിന്നാനെടുക്കും.
ഉച്ചാലിന്നാണ് മദിപ്പുരയിലെ ഭിത്തി മുഴുവന്‍ ഋതുമതിയാവാത്ത പെണ്‍കുട്ടികള്‍ വൃത്തിയാക്കുന്നത്. ഉച്ചാലിക്ക് വട്ടക്കളിയും ഊരാളിക്കളിയുമാണ് പ്രധാനം. വലിയ വട്ടത്തിലാണ് ജനക്കൂട്ടം കളിക്കുക. കാവിമുണ്ടും ഷര്‍ട്ടും തലയില്‍ തോര്‍ത്ത് കെട്ടിയുമായിരിക്കും ഊരാളികളുടെ വേഷം.
പിറ്റേന്ന് രാവിലെ താഴേക്കുടീന്ന് ദൈവം തുളളി വന്നാലെ കളി നിര്‍ത്തൂ. എന്ന് പറഞ്ഞാല് പാക്കത്തെയ്യം വരവാണ്. അരയിലെ മുണ്ടിന് മുകളില്‍ ചുവന്ന കച്ച, കയ്യില്‍ വലിയ വാള് പാക്കതെയ്യം താഴെ കോളനിയില്‍ നിന്ന് വരണമെന്നാണ് നിയമം. വീരപഴശ്ശിയുടെ ജീവചരിത്രവുമായി ഏറെ ബന്ധമുളള നാടാണ് ജില്ലയിലെ പാക്കം. ഭാഗ്യ സ്വരൂപം എന്ന വാക്കില്‍ നിന്നാണ് പാക്കം ഉണ്ടായത്. ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷ നേടാനായി വീരപഴശി വയനാടിന്റെ പല ഭാഗത്തും ഒളിത്താവളങ്ങളാക്കി മാറ്റിയിരുന്നു. അന്നൊക്കെ രാജാവിന്റെ രക്ഷ കുറുമ്പനും കുറിച്യരുമായിരുന്നു. മാവിലാം തോടുകരയില്‍ പഴശ്ശി രാജാവ് വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പാക്കത്തെ കുറുമ്പരുടെ സംരക്ഷണയിലായിരുന്നെന്ന് കുറുമ്പര്‍ കരുതുന്നു. പാക്കത്തിന് ചുറ്റുമുളള കുറുമ്പരുടെ സ്ഥലങ്ങളാണ് ചെറിയമല, കണ്ടാമല, കുറിച്യാട്ട്, പടമല പ്രദേശങ്ങളെല്ലാം. ജോസ് പഴൂക്കാരന്റെ കാപ്പിമൂപ്പന്റെ കാടനുഭവങ്ങളില്‍ കുറുമ്പരെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കോളനികളില്‍ അവസാന വാക്ക് മൂപ്പന്റേതാണ്. മൂപ്പമ്മാരെ വാഴിക്കുമ്പോള്‍ രാജാവ് എന്നാണ് വിളിക്കുക. ഈ താവഴിയിലെ അവസാനത്തെ രാജാവാണ് കാപ്പി മൂപ്പന്‍.
മൂപ്പമ്മാര്‍ കോളനിക്കാരുടെ ദൈവം തന്നെയാണ്. കുറുമ്പരുടെ ഇടയില്‍ വിദ്വോഷങ്ങളും വാക്ക് തര്‍ക്കങ്ങളുമില്ല. മറ്റൊരാളുടെ പോരായ്മകള്‍ പറയുന്നത് പോലും തെറ്റാണ്. വര്‍ഷം തോറുമുളള ആഘോഷ കൂട്ടായ്മയില്‍ കോളനിക്കാര്‍ ഒത്തൊരുമയോടെ കൂടുന്നത് പൊതുസമൂഹത്തിന് തന്നെ മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."