നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സുമായി ദുബായ് ആരോഗ്യ വകുപ്പ്
ദുബായ്: തെരഞ്ഞെടുത്ത നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്കുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് കാര്‍ഡ് നല്‍കുന്നത്. ഒന്നരലക്ഷം ദിര്‍ഹം വരെ ചെലവുവരുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് വഴി ലഭിക്കും. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് ഈ സൗജന്യസേവനം ലഭിക്കുക. ഇത്തരം ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി ഒന്നരലക്ഷം ദിര്‍ഹം ചെലവ് വരുന്ന ചികിത്സ സൗജന്യമായി ലഭിക്കും.
അത്യാഹിതം, പ്രസവം, ശസ്ത്രക്രിയകള്‍, അര്‍ബുദചികിത്സ തുടങ്ങിയ ചികിത്സകള്‍ ഈ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. ഇന്‍ഷുറന്‍സിന് അര്‍ഹരായ നൂറുപേരെ സാമൂഹിക വികസന അതോറിറ്റിയുടെ സഹായത്തോടെ കണ്ടെത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക വരുമാനം, ചെലവുകള്‍, ആശ്രിതരുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്താണ് അര്‍ഹരായവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
അടുത്ത വര്‍ഷം ഇവരുടെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ സൗജന്യ സേവനം ലഭിക്കുകയില്ല. പകരം മറ്റ് ഗുണഭോക്താക്കളെ കണ്ടെത്തും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു കൊണ്ടാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡുകള്‍ 12 ഇന്‍ഷുറന്‍സ് കമ്പനികളാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."