ലൈംഗികാരോപണം: പി.കെ ശശിക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന് ഹരജി
കോഴിക്കോട്: വനിതാ നേതാവില്‍നിന്ന് ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്ന പരാതിയില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് എഴുവന്തല സ്വദേശി ടി.എസ്. കൃഷ്ണകുമാറാണ് അഡ്വ: പി.അബ്ദുല്‍ നിഷാദ് അങ്ങാടിപ്പുറം മുഖേന ഹരജി നല്‍കിയത്.
ഡിവൈ.എഫ്.ഐയുടെ പ്രാദേശിക വനിത നേതാവ് പി.കെ. ശശിക്കെതിരെ സി.പി.എമ്മിന് നല്‍കിയ പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാര്‍ട്ടിതല അന്വേഷണത്തിന് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് ഹരജിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാര്‍ട്ടി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശശിക്കെതിരായ പരാതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം ഇവര്‍ക്കും ബാധകമാണ്. അതിനാല്‍, ഇത്തരം പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം മതിയായതല്ലെന്നും അന്വേഷണം നടത്താന്‍ പാര്‍ട്ടിക്ക് അധികാരമില്ലെന്നും ക്രിമിനല്‍ കേസില്‍ ഉചിത അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
ഹരജി പൊതുതാല്‍പര്യ ഹരജിയായി കണക്കാക്കുവാന്‍ പറ്റുമോ എന്ന സംശയത്താല്‍ ഹൈക്കോടതി രജിസ്ട്രി കേസ് നമ്പര്‍ ചെയ്തിരുന്നില്ല. കേസ് ചീഫ് ജസ്റ്റിസ് ഉള്‍പ്പട്ട ബെഞ്ചിന് മുന്നില്‍ വന്നപ്പോള്‍ കേസ് നമ്പര്‍ ചെയ്ത് അവധിക്കാലം കഴിഞ്ഞ് ജനുവരി ആദ്യവാരത്തില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായി ഉത്തരവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."