മോദിയുഗത്തിന് തിരശ്ശീല വീഴുന്നു: ജിഗ്‌നേഷ് മേവാനി
#താജുദ്ദീന്‍ ഇല്ലിക്കുളം
കായംകുളം: കോര്‍പ്പറേറ്റ് ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിരശ്ശീലവീഴാന്‍ അധിക കാലമില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ദലിത് നേതാവ് ജിഗ്നേഷ് മേവാനി എം.എല്‍.എ. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുകയെന്ന ഒരൊറ്റലക്ഷ്യത്തോടെ യോജിപ്പോടെ മുന്നോട്ടു പോകാനാവണം. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കായംകുളത്തു നല്‍കിയ സ്വീകരണ മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ള ചെയ്യാന്‍ അവസരം നല്‍കുന്ന മോദി ഭരണത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരു സ്ഥാനവുമില്ല. നോട്ടുനിരോധനം ജി.എസ്.ടി തുടങ്ങിയവയെല്ലാം സാധാരണക്കാരെയാണ് ബാധിച്ചത്. വൈകാരികതയും വിഭാഗീയതയും മുഖമുദ്രയാക്കി ജനദ്രോഹത്തെ മറച്ചുപിടിക്കാനാണ് ശ്രമം. അഖ്‌ലാക്ക് ഉള്‍പ്പെടെ ദലിതരും മുസ്‌ലിംകളുമായ 30 പേരെ പശുവിന്റെ പേരില്‍ രാജ്യത്ത് കൊന്നു.
ഭരണഘടന തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കോടതികളിലെ വഴിവിട്ട ഇടപെടലുകള്‍ അതിന്റെ ഭാഗമാണ്. അക്രമം മുഖമുദ്രയാക്കിയ മോദിക്കും സംഘപരിവാറിനുമെതിരെ സമാധാനം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോകണം. അക്രമമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മുതലെടുപ്പു നടത്താമെന്നതാണ് തന്ത്രം. സ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദലിതരും മുസ്‌ലിംകളും അടിസ്ഥാന വിഭാഗങ്ങളും ഉണര്‍ന്നു യോജിക്കണം.
മോദിക്ക് ഗുജറാത്ത് ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയാണെങ്കില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് സമാധാനത്തിന്റെ ഭൂമികയാണ്. ഹിന്ദുത്വമല്ല, രാജ്യം മതേതരമാണ്. ഒരു ദിനം നമ്മുടെ പോരാട്ടം വിജയിക്കും. അതിനു അധിക സമയം കാത്തിരിക്കേണ്ടിവരില്ലെന്നും ജിഗ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."