എം പാനല്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടമാക്കിയത് കെ.എസ്.ആര്‍.ടി.സി വരുത്തിയ ക്ലറിക്കല്‍ പിഴവ്
വി.എസ് പ്രമോദ്#
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നതിന് കാരണമായത് കെ.എസ്.ആര്‍.ടി.സി വരുത്തിയ ക്ലറിക്കല്‍ പിഴവ്. കണ്ടക്ടര്‍മാരുടെ ഒഴിവ് നികത്താനായി കെ.എസ്.ആര്‍.ടി.സി കണക്കെടുത്തപ്പോള്‍ താല്‍കാലിക കണ്ടക്ടര്‍മാരുടെ എണ്ണം കൂട്ടാതെ കണക്കെടുത്ത് പി.എസ്.സിയെ അറിയിച്ചു.
ഇതനുസരിച്ച് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചപ്പോഴാണ് കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതര്‍ക്ക് ബോധോദയം ഉണ്ടായത്. താല്‍കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാതെയുള്ള എണ്ണമായിരുന്നു തന്നതെന്നും ഇത് ക്ലറിക്കല്‍ പിഴവാണെന്നും കാണിച്ച് കെ.എസ്.ആര്‍.ടി.സി പി.എസ്.സിയെ സമീപിച്ചെങ്കിലും എല്ലാം കൈവിട്ടുപോയിരുന്നു.
കെ.എസ്.ആര്‍.ടി.സി നല്‍കിയ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ പി.എസ്.സി ക്ഷണിച്ച അപേക്ഷയില്‍ 6.30 ലക്ഷം അപേക്ഷകരുണ്ടായിരുന്നു. 3.26 ലക്ഷം പേര്‍ മാത്രമാണ് പിന്നീട് പരീക്ഷ എഴുതിയത്. 52,421 പേരുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി. ഇതില്‍ മുഖ്യപട്ടികയില്‍ 34,909 പേരും അനുബന്ധ പട്ടികയില്‍ 17,512 പേരും ഉണ്ടായിരുന്നു. പി.എസ്.സിയുടെ ചരിത്രത്തിലെ ജംബോ ലിസ്റ്റായിരുന്നു ഇത്. 9,800 കണ്ടക്ടര്‍മാരുടെ ഒഴിവുണ്ടെന്നായിരുന്നു അന്ന് കൊടുത്ത കണക്ക്. എന്നാല്‍ പിന്നീട് കണക്കെടുപ്പ് നടത്തിയെന്നും താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ എണ്ണം ഒഴിവാക്കിയാല്‍ 3,800 ഒഴിവുകള്‍ മാത്രമേ വരൂ എന്നും മുന്‍പ് കൊടുത്ത കണക്ക് പിഴച്ചതാണെന്നും കെ.എസ്.ആര്‍.ടി.സി കണ്ടെത്തി. ഒഴിവുകളുടെ എണ്ണം തിരുത്തണമെന്ന് കാണിച്ച് പി.എസ്.സിക്ക് കെ.എസ്.ആര്‍.ടി.സി കത്തെഴുതി. എന്നാല്‍ വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ താല്‍കാലിക ജീവനക്കാരുെടെ മരണമണിയാണ് മുഴങ്ങിത്തുടങ്ങിയത്.
ഇതിനിടെ പി.എസ്.സി ഒന്നാം ഘട്ടത്തില്‍ 9,300 പേര്‍ക്ക് അഡൈ്വസ് മെമോയും അയച്ചു. ഇതില്‍ 3,808 പേരെ നിയമിക്കുകയും ചെയ്തു. ശേഷിച്ച 5,492 പേരുടെ നിയമനമാണ് പ്രശ്‌നമായത്. മൂന്നു വര്‍ഷത്തോളം പിന്നിട്ടപ്പോള്‍ ഇവര്‍ക്കെല്ലാം നിയമന ഉത്തരവ് നല്‍കി. 2016 ഡിസംബര്‍ 31ന് അവസാന നിയമന ശുപാര്‍ശ നല്‍കിയപ്പോള്‍ 4,051 പേര്‍ ഉള്‍പ്പെട്ടു. പക്ഷേ ഇവരില്‍ ഒരാള്‍ക്കുപോലും നിയമന ഉത്തരവ് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തയാറായില്ല. മാത്രമല്ല എം പാനലുകാരെ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
തുടര്‍ന്നാണ് റാങ്ക് ഹോള്‍ഡര്‍മാര്‍ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ അനുകൂല വിധി ലഭിച്ചതും. കെ.എസ്.ആര്‍.ടി.സി വരുത്തിയ പിഴവ് പത്തും അതിലധികവും വര്‍ഷവും വരെ ജോലി ചെയ്ത 3,861 താല്‍കാലിക കണ്ടക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കാണ് അവസാനം തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."