മത്സ്യത്തൊഴിലാളി വിരുദ്ധ തീരദേശനിയമം
കന്നുകാലികള്‍, അലങ്കാരമത്സ്യം, നായ്ക്കുട്ടികള്‍ എന്നിവയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചല്ലോ. ഈ ജീവികളുടെ സംരക്ഷണത്തിനുവേണ്ടിയാണ് അതെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ഇത്തരമൊരു സംരക്ഷണതാല്‍പര്യം ഈ ജീവികളേക്കാള്‍ ഗൗരവമേറിയതെന്നു പൊതുസമൂഹം പരിഗണിക്കുന്ന വിഷയങ്ങളിലും പ്രകടിപ്പിക്കപ്പെടേണ്ടതല്ലേ. തീരപരിസ്ഥിതിസംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ഇതേ കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം 1991ല്‍ പുറപ്പെടുവിച്ച തീരദേശനിയന്ത്രണ വിജ്ഞാപനത്തിന്റെ അവസ്ഥ ഈ ഘട്ടത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
1986 ലെ പരിസ്ഥിതിസംരക്ഷണ നിയമവും 1991 ലെ തീരദേശനിയന്ത്രണ വിജ്ഞാപനവും വരുന്നതിനു മുമ്പ് 1980 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കടല്‍തീരത്തുനിന്നു കരയിലേക്കുള്ള 500 മീറ്റര്‍ തീരദേശം കളങ്കരഹിതമായി നിലനിര്‍ത്തണമെന്ന് ബന്ധപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിമാരോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒരു മുഖ്യമന്ത്രിയും ഇതിനോടു ക്രിയാത്മകമായി പ്രതികരിച്ചില്ല.
1991ല്‍ കേന്ദ്ര വനം,പരിസ്ഥിതിസംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തില്‍ തീരദേശനിയന്ത്രണ വിജ്ഞാപനം നിലവില്‍വന്നു. എന്നിട്ടും 1995ല്‍ സുപ്രിംകോടതി കര്‍ക്കശ നിര്‍ദേശം നല്‍കുന്നതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്ചവരുത്തി. വിജ്ഞാപനം വന്നതുമുതല്‍ വ്യവസായ-ടൂറിസം കോര്‍പ്പറേറ്റ് കേന്ദ്രങ്ങള്‍ അതിനെതിരേ രംഗത്തുവന്നു. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ രൂപീകരിച്ച ഡോ. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ എട്ടോളം സംഘങ്ങള്‍ വിജ്ഞാപനം നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തി. ഈ പഠനപ്രക്രിയയ്ക്കുശേഷം 2011 ല്‍ സി.ആര്‍.ഇസഡ് വിജ്ഞാപനത്തിന്റെ അന്തിമരൂപം വന്നു.
വിജ്ഞാപനം നിലവില്‍ വന്നതോടെ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി സി.ആര്‍.ഇസഡ് ലംഘനത്തിനെതിരേ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിജ്ഞാപനം നടപ്പാക്കണമെന്നു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വേമ്പനാട്ടുകായലില്‍ നിയമം ലംഘിച്ചു നിര്‍മിച്ച സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിക്കണമെന്ന് ഈ ഘട്ടത്തില്‍ ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. അതോടെ സി.ആര്‍.ഇസഡ് വിരുദ്ധചേരികള്‍ രംഗത്തെത്തി. അപ്പോഴും വിജ്ഞാപനം കര്‍ശനമായി നടപ്പാക്കുന്നതിനു പകരം അതിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു ഡോ. ഷൈലേഷ് നായക് ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിക്കുകയാണു കേന്ദ്രപരിസ്ഥിതി മന്ത്രാലയം ചെയ്തത്.
സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍, തൊഴിലാളി യൂനിയനുകള്‍, പരിസ്ഥിതിസംഘടനകള്‍ എന്നിവരെ കാണുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഷൈലേഷ് നായക് കമ്മിറ്റി തയാറായില്ല. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 14 ശുപാര്‍ശകള്‍, ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ഇവയില്‍ 13 എണ്ണവും തീരപരിസ്ഥിതിസംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവികസനം എന്നിവയുമായി ബന്ധപ്പെട്ട ചില പൊതുതത്ത്വങ്ങള്‍ മാത്രമാണ്. 37 വര്‍ഷമായി നിരന്തം ചര്‍ച്ചചെയ്തു കഴിഞ്ഞതാണ് അവ.
നിര്‍ദിഷ്ടവിജ്ഞാപനം - വിശകലനം
തീരദേശപരിപാലനത്തിന്റെ ഭാഗമായി തീരപ്രദേശങ്ങളെ തീരദേശനിയന്ത്രണ മേഖല (സി.ആര്‍.ഇസഡ്) നാലായി തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും സ്വഭാവവും പ്രത്യേകതയും കണക്കിലെടുത്തു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിരിക്കുന്നു.
തീരദേശനിയന്ത്രണ മേഖല
(സി.ആര്‍.ഇസഡ് 1)
സി.ആര്‍.ഇസഡ് 1 എന്നത് പാരിസ്ഥിതിക പ്രത്യേകതകളുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും ചരിത്രപരവും പൗരാണികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ് (കണ്ടല്‍കാടുകള്‍, മണല്‍കുന്നുകള്‍, ആമസങ്കേതങ്ങള്‍ മുതലായവ). നിലവിലുള്ള വിജ്ഞാപനപ്രകാരം സി.ആര്‍.ഇസഡ് 1 ല്‍ പരിസ്ഥിതിമന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയോടെ ദേശീയപ്രാധാന്യമുള്ള ചില സര്‍ക്കാര്‍ പദ്ധതികളൊഴികെ (പ്രതിരോധം, വൈദ്യുതി, തുറമുഖം) യുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കു സി.ആര്‍.ഇസഡ് 1ലെ നിലവിലുള്ള വീടുകളില്‍ താമസം തുടരാം.
എന്നാല്‍, നിര്‍ദിഷ്ടവിജ്ഞാപനപ്രകാരം, സി.ആര്‍.ഇസഡ് 1ല്‍ മത്സ്യത്തൊഴിലാളികള്‍ക്കു നിലവിലുള്ള സൗകര്യങ്ങള്‍ ഇല്ലാതാവുകയും ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ അനുവദനീയമാവുകയും ചെയ്യും. സി.ആര്‍.ഇസഡ് 1ലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ടല്‍കാടുകളിലും വികസനപ്രവര്‍ത്തനം അനുവദനീയമാകും. കേരളത്തിന്റെ സി.ആര്‍.ഇസഡ് പ്രദേശത്തെ സി.ആര്‍.ഇസഡ് 1 എന്ന നിലയില്‍ തരംതിരിക്കപ്പെട്ടിരിക്കുന്നതു കേവലം 118-793 ചതുരശ്രകിലോമീറ്ററാണ്. ഇത്രയും പരിമിതമായ സ്ഥലത്തു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത്, തീരപരിസ്ഥിതിസംരക്ഷണത്തിനു ഭീഷണിയാകും.
തീരദേശനിയന്ത്രണ മേഖല
(സി.ആര്‍.ഇസഡ് 2)
തീരദേശത്തുള്ള വികസിതപ്രദേശങ്ങളാണ് (മുന്‍സിപ്പല്‍ പ്രദേശം) സി.ആര്‍.ഇസഡ് 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള വിജ്ഞാപനത്തിലും നിര്‍ദിഷ്ടവിജ്ഞാപനത്തിലും ഏതാണ്ട് ഒരേപോലെയാണ്്. നിലവിലുള്ള പാതയില്‍നിന്നും നിലവിലുള്ള അംഗീകൃതനിര്‍മിതിയില്‍നിന്നും കരഭാഗത്തേക്കു മാത്രമേ നിര്‍മാണം പാടുള്ളൂ. കേരളത്തില്‍ സി.ആര്‍.ഇസഡ് 2ല്‍ ഉള്‍പ്പെടുന്നതു കേവലം 68.748 ചതുരശ്രകിലോമീറ്ററാണ്.
ഇവിടെയാണു മത്സ്യത്തൊഴിലാളികള്‍ അവരുടെ പാര്‍പ്പിടാവശ്യങ്ങളും സാമൂഹ്യവികസനാവശ്യങ്ങളും നേടിയെടുക്കുന്നതിന്, ടൂറിസം-വ്യവസായ റിയല്‍ എസ്റ്റേറ്റ് ലോബികളുമായി കടുത്തമത്സരം നേരിടേണ്ടിവരുന്നത്.
തീരദേശനിയന്ത്രണ മേഖല
(സി.ആര്‍.ഇസഡ് 3)
നിലവിലുള്ള വിജ്ഞാപനപ്രകാരം സി.ആര്‍.ഇസഡ് 3ല്‍ ഉള്‍പ്പെടുന്നതു തീരദേശപഞ്ചായത്ത് പ്രദേശങ്ങളാണ്. കേരളത്തില്‍ 341.825 ചതുരശ്രകിലോമീറ്റര്‍ ഭൂവിസ്തൃതി ഈ പ്രദേശത്തിനുണ്ട്. ഇവിടെ വേലിയേറ്റരേഖയില്‍നിന്നു കരഭാഗത്തേക്കുള്ള 200 മീറ്റര്‍ ദൂരം നിര്‍മാണം പാടില്ല. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ക്കു വേലിയേറ്റരേഖയില്‍നിന്നു 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള ഭവനനിര്‍മാണം അനുവദനീയമാണ്. ചില സര്‍ക്കാര്‍ പദ്ധതികളും മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാഠശാലകള്‍, ചികിത്സാകേന്ദ്രങ്ങള്‍, പാലങ്ങള്‍, ശൗചാലയങ്ങള്‍, അഴുക്കുചാലുകള്‍, മീനുണക്കല്‍ കേന്ദ്രങ്ങള്‍, വല നന്നാക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയും അനുവദനീയമാണ്.
എന്നാല്‍, നിര്‍ദിഷ്ടവിജ്ഞാപനത്തില്‍, സി.ആര്‍. ഇസഡ് 3നെ അതീവ ജനസാന്ദ്രതയുള്ള പ്രദേശം, ഗ്രാമപ്രദേശം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ജനസാന്ദ്രതയേറിയ ഗ്രാമപ്രദേശത്ത് വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്ററാണു വികസനം പാടില്ലാത്തത്. ഇതു ടൂറിസം-വ്യവസായ-റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കു തീരപ്രദേശം തുറന്നുകൊടുക്കലാകും. മത്സ്യത്തൊഴിലാളികള്‍ വമ്പന്മാരുമായി മത്സരിക്കേണ്ട അവസ്ഥയാകും. അവര്‍ക്കുള്ള ഇളവു നഷ്ടമാകും.
സി.ആര്‍.ഇസഡ് 3 ല്‍ ഗ്രാമപ്രദേശങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നിടത്തു വേലിയേറ്റരേഖയില്‍നിന്നു കരഭാഗത്തേക്ക് 200 മീറ്റര്‍ ദൂരം വികസനം പാടില്ല. 200 മീറ്ററിനപ്പുറം മത്സ്യത്തൊഴിലാളികള്‍ക്കും ഭവനനിര്‍മാണം സാധ്യമാണ്. വികസന നിഷിദ്ധമേഖലയില്‍ ഭവനനിര്‍മാണം പാടില്ലെങ്കിലും ടൂറിസംസൗകര്യങ്ങള്‍ അനുവദിക്കും. ഇവിടെയും മത്സ്യത്തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുകയാണ്.
തീരദേശനിയന്ത്രണ മേഖല
(സി.ആര്‍.ഇസഡ് 4)
സി.ആര്‍.ഇസഡ് 4 വേലിയിറക്കരേഖയില്‍നിന്നു കടല്‍ഭാഗത്തേക്കുള്ള 12 നോട്ടിക്കല്‍ മൈലാണ്. നിലവിലുള്ള വിജ്ഞാപനത്തില്‍ ഇവിടെ മാലിന്യനിക്ഷേപം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ തടസ്സംകൂടാതെ നടത്താന്‍ സാധിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിര്‍ദിഷ്ടവിജ്ഞാപനത്തില്‍ പലരീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. കടലിലെ മാലിന്യനിക്ഷേപം നിരോധിച്ചിട്ടുണ്ടെന്നുള്ളതു സ്വാഗതാര്‍ഹമാണ്. കടല്‍നികത്തല്‍ അനുവദനീയമല്ലെന്നു പറയുമ്പോഴും തുറമുഖമേഖലയുമായി ബന്ധപ്പെട്ട ഘടനകള്‍, പാലങ്ങള്‍, ദേശീയസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു കടല്‍നികത്തല്‍ അനുവദനീയമാണ്.
കടല്‍നികത്തി റോഡ്‌നിര്‍മാണവും ടൂറിസം പദ്ധതിയുടെ നടത്തിപ്പും സാധ്യമാകുന്നതു തീരപരിസ്ഥിതിക്കു ഗുരുതരമായ ഭീഷണിയാകും. തീരദേശത്തുള്ള സ്വാഭാവികകടപ്പുറം നിലനിര്‍ത്തുന്നതിലൂടെയാണു തീരസംരക്ഷണം ഉറപ്പാക്കപ്പെടുന്നതെന്നാണു വിദഗ്ധര്‍ പറയുന്നത്.
ചിലനിരീക്ഷണങ്ങള്‍
നിര്‍ദിഷ്ടവിജ്ഞാപനപ്രകാരം തീരദേശനിയന്ത്രണമേഖലയിലെ നിര്‍മാണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന ഉത്തരവാദിത്വം സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ്. അതു ഗുണകരമായിരിക്കുമോയെന്നു പരിശോധിക്കേണ്ടതുണ്ട്. 1991 മുതല്‍ 2017 വരെയുള്ള അവസ്ഥ പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷം സ്വയംഭരണസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പരാജയമായിരുന്നുവെന്നു വ്യക്തമാകും. കേരള തീരദേശ മാനേജ്‌മെന്റ് അതോറിറ്റി നല്‍കിയ ഉത്തരവുകളും സ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍കേസ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുന്നതിനു സ്വീകരിച്ച തീരുമാനങ്ങളും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലവും ഇതിനു തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."