ഭീകരവാദ ബന്ധം: സഊദിയില്‍ നാല് ഇന്ത്യക്കാര്‍ പിടിയില്‍
റിയാദ്: ഭീകരവാദ ബന്ധത്തില്‍ സഊദിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലു ഇന്ത്യക്കാര്‍ പിടിയിലായതായി സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭീകരവാദത്തിന്റെ സംശയത്തില്‍ ഇവരെ സഊദി ദേശീയ സുരക്ഷാ വകുപ്പും വിവിധ വകുപ്പുകളും ചേര്‍ന്നാണ് പിടികൂടിയത്. ഇതോടെ സഊദിയില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ ഭീകരരുടെ എണ്ണം ഇരുപത്തി ആറായി.
സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലത്ത് നാലു ഇന്ത്യക്കാര്‍ അടക്കം 177 ഭീകരരെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
ഇതേ കാലയളവില്‍ അറസ്റ്റിലായവരില്‍ 94 പേര്‍ സഊദി പൗരന്മാരാണ്. കൂടാതെ, 23 സിറിയക്കാരും 19 യെമനികളും 16 ഈജിപ്തുകാരും ഏഴു ഫിലിപ്പിനോകളും നാലു ബംഗ്ലാദേശുകാരും സുഡാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടു പേര്‍ വീതവും ലെബനോന്‍, റഷ്യ, കസാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും രണ്ടു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരില്‍ പലരുടെയും കേസുകള്‍ അന്വേഷണ ഘട്ടത്തിലാണെന്നു മന്ത്രാലയം അറിയിച്ചിരുന്നു. അതെ സമയം,
ഇതേ കേസില്‍ നേരത്തെ പിടികൂടിയവരില്‍ ചിലരെ ഇന്ത്യന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറുകയും മറ്റു ചിലരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. നേരെത്തെ പിടികൂടിയവരില്‍ മൂന്നു പേരുടെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി നിയമ നടപടികള്‍ക്ക് കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന എല്ലാവരുടെയും കേസുകള്‍ അന്വേഷണ ഘട്ടത്തിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,434 ഭീകരരാണ് നിലവില്‍ അറസ്റ്റിലുള്ളത്. ഇവരില്‍ 4,424 പേര്‍ സഊദികളാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."