ഗുജറാത്ത് വീണ്ടും ഭയപ്പെടുത്തുകയാണ്
അധികാര ദുര മൂത്ത് ജനാധിപത്യത്തിന്റെ ദീപസ്തംഭങ്ങളത്രയും തച്ചുടയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാസിസ രാഷ്ട്രീയത്തെ താല്‍ക്കാലികമായി തടഞ്ഞുനിര്‍ത്താന്‍ സാധിച്ചെങ്കിലും ഗുജറാത്ത് ഇപ്പോഴും രാജ്യത്തെ ഭയപ്പെടുത്തുകയാണ്. വംശഹത്യാ നിഷ്ഠൂരതയ്ക്ക് കാര്‍മികത്വം വഹിച്ച ഭരണകൂടം ജനാധിപത്യ കശാപ്പിനായി അരയും തലയും മുറുക്കുമ്പോള്‍ പൗരാവകാശ ചിന്തകള്‍ക്ക്, മതേതരവാദികള്‍ക്ക്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് സ്വസ്ഥരാവാന്‍ കഴിയുക.
സാധാരണഗതിയില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങേണ്ട ഒരു ചെറുവാര്‍ത്ത മാത്രമായിരുന്നു ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്. നിയമസഭയിലെ കക്ഷിനിലവച്ചുനോക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് രണ്ടും പ്രതിപക്ഷത്തെ കോണ്‍ഗ്രസിന് ഒരാളെയും ജയിപ്പിക്കാവുന്ന അവസ്ഥ. ഒടുവില്‍ സംഭവിച്ചതും അത് തന്നെയാണ്. ബി.ജെ.പി.യുടെ അമിത്ഷാ, സ്മൃതി ഇറാനി, കോണ്‍ഗ്രസിലെ അഹമ്മദ് പട്ടേല്‍ എന്നിവര്‍ വിജയികളായി. കീഴ്‌വഴക്കമനുസരിച്ചാണെങ്കില്‍ ഒരു മത്സരത്തിന്റെ ആവശ്യം പോലുമില്ലാത്തത്ര സുവ്യക്തമായ രാഷ്ട്രീയ ചിത്രമായിരുന്നു അവിടെ. പക്ഷേ, ഹിന്ദുത്വ ചിന്തയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ ഈയിടെയായി അങ്ങനെയല്ല കാര്യങ്ങള്‍ നടക്കാറ്. സ്വന്തം സംസ്ഥാനത്തിന് അത്തരമൊരു ദുഷ്‌പേരുണ്ടാവാന്‍ അസഹിഷ്ണുതാവാദികളായ അമിത്ഷാ പ്രഭൃതികള്‍ ഒട്ടും സമ്മതിക്കുകയുമില്ല. അതിനുവേണ്ടി ഏത് ഹീനമാര്‍ഗവും അവര്‍ അവലംബിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ കണ്ടത് അതാണ്.
സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ എന്ന നിലയില്‍ മാത്രമല്ല, അഹമ്മദ് പട്ടേല്‍ അമിത് ഷായ്ക്ക് ചതുര്‍ഥിയാവുന്നത്. തനിക്കെതിരെ ഉയര്‍ന്നുവന്ന മിക്ക കേസുകള്‍ക്കു പിന്നിലും പട്ടേലായിരുന്നുവെന്ന് ഷായ്ക്ക് അറിയാം. അതുകൊണ്ടാണ് എന്ത് വിലകൊടുത്തും പട്ടേലിനെ പൂട്ടാന്‍ ബി.ജെ.പി പ്രസിഡന്റ് കച്ചകെട്ടിയത്. അതിന് തുണയായത് തങ്ങളുടെ മുന്‍ നേതാവ് കൂടിയായ ശങ്കര്‍സിങ് വഗേലയും. മകന്‍ അടക്കം ആറുപേരെ വഗേല കോണ്‍ഗ്രസില്‍നിന്നു ബി.ജെ.പിയിലെത്തിച്ചു. ഒരു ഡസന്‍ തികയ്ക്കാനായിരുന്നു പദ്ധതി. അതറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ശേഷിക്കുന്ന 44 എം.എല്‍.എമാരുമായി കര്‍ണാടകയിലേക്ക് കടന്നു. ഇതിനിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വഴി ജനതാദള്‍(യു) എം.എല്‍.എ ഛോട്ടുഭായ് വാസവയുടെയും മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ മുഖേന എന്‍.സി.പി അംഗങ്ങളുടെയും വോട്ടുകള്‍ നേടാന്‍ ശ്രമിച്ചെങ്കിലും എന്‍.സി.പിയുടെ കാന്തന്‍ ജഡേജയുടേത് മാത്രമാണ് ബി.ജെ.പിക്ക് സ്വന്തമാക്കാനായത്.
എന്നാല്‍, വളരെ നാടകീയമായി, കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി ക്യാംപിന് സാധിച്ചു. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ അമിത പ്രതീക്ഷ പക്ഷേ വിനയായി. സ്വന്തം ചേരിയിലെ നളിന്‍ കൊട്ടാഡി മറുകണ്ടം ചാടിയത് അവര്‍ അറിഞ്ഞില്ല. തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രാഘവ്ജി പട്ടേലും ഭോലാഭായ് രോഹിതും ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിച്ചതും ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. പ്രശ്‌നം പി. ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുമ്പാകെ എത്തിച്ചപ്പോള്‍ രണ്ടുപേരുടെയും വോട്ടുകള്‍ റദ്ദാക്കുകയേ കമ്മീഷന് ഗതിയുണ്ടായിരുന്നുള്ളൂ.
എട്ട് മണിക്കൂറിലേറെ നീണ്ട അത്യന്തം നാടകീയത നിറഞ്ഞ സംഭവവികാസങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
ഏതൊരു തെരഞ്ഞെടുപ്പുഫലത്തിലും ഒട്ടേറെ പാഠങ്ങളുണ്ട്. ജയിക്കുന്നവരേക്കാള്‍ തോല്‍ക്കുന്നവരാണ് അത് കൂടുതലും ഉള്‍ക്കൊള്ളേണ്ടത്. എന്നാല്‍, ഫാസിസ ശക്തികള്‍ എന്തെങ്കിലും പഠിക്കും എന്ന് കരുതുന്നത് മൗഢ്യമാണ്. വളഞ്ഞ വഴിയില്‍ വക്രബുദ്ധിയോടെ ഇനിയും സഞ്ചരിക്കാന്‍ തന്നെയാവും അവരുടെ ശ്രമം. പക്ഷേ, കോണ്‍ഗ്രസ് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. മറുകണ്ടം ചാടുമെന്ന് പേടിച്ച് പാര്‍ട്ടി എം.എല്‍.എമാരെയും കൊണ്ട് നാടുചുറ്റേണ്ടിവന്ന ഗതികേട് അവര്‍ തിരിച്ചറിയുക തന്നെ വേണം. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ ചെറുക്കാന്‍ മൃദുഹിന്ദുത്വത്തിനാവില്ലെന്നും ശങ്കര്‍സിങ് വഗേലയെപോലുള്ളവര്‍ക്ക് കോണ്‍ഗ്രസും ബി.ജെ.പിയും എങ്ങനെ ഒരേപോലെ സ്വീകാര്യമാവുന്നു എന്നതും പാര്‍ട്ടി നേതൃത്വം അതീവ ഗൗരവത്തോടെ ചിന്തിക്കണം. ജയറാം രമേശും മറ്റും അക്കാര്യം ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുള്ളതാണ്. ഇനിയെങ്കിലും താഴെതട്ടിലിറങ്ങി ജനഹിതം തൊട്ടറിയാന്‍ ശ്രമിക്കുക. എങ്കിലേ സെമിഫൈനലില്‍ വിജയിച്ച് ഫൈനലില്‍ തോറ്റുപോവുന്ന കോണ്‍ഗ്രസിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."