ഡബ്ല്യു.വി രാമന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനാകാനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു.വി രാമനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗാരി കിര്‍സ്റ്റന്‍ ആയിരുന്നു രാമനൊപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഇന്ത്യന്‍ വനിതാ ടീം പരിശീലകനായിരുന്ന രമേഷ് പവാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും അഭിമുഖത്തിനു ശേഷം ഇവരെ ഒഴിവാക്കി. ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ല്യു.വി രാമന്‍. കപില്‍ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്, ശാന്തന്‍ രംഗസ്വാമി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഗാരി കിര്‍സ്റ്റന്‍, ഡബ്ല്യു.വി രാമന്‍ എന്നിവരെ നിര്‍ദേശിച്ചത്. താല്‍കാലിക പരിശീലകനായിരുന്ന രമേഷ് പവാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ ബി.സി.സി.ഐ ശ്രമം ആരംഭിച്ചത്. വനിതാ ടി20 ലോകകപ്പിനിടെ മിതാലി രാജുമായി രമേഷ് പവാര്‍ കൊമ്പുകോര്‍ത്തത് വിവാദം സൃഷ്ടിച്ചിരുന്നു. വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പവാറിനെ തന്നെ വീണ്ടും പരിശീലകനാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം ബി.സി.സി.ഐ കമ്മിറ്റി പരിഗണിച്ചില്ല. പുതിയ പരിശീലകന്റെ ആദ്യചുമതല ടീമിലെ കളിക്കാരുടെ പടലപ്പിണക്കം ഇല്ലാതാക്കുകയെന്നതാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതൊന്നും ചെയ്യരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനമാണ് പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."