വി.പി ഷാജി സന്തോഷ് ട്രോഫി പരിശീലകന്
കോഴിക്കോട്: സന്തോഷ് ട്രോഫിക്കായി യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്ന ടീമിനെ സജ്ജമാക്കുമെന്ന് വി.പി ഷാജി. സന്തോഷ് ട്രോഫി പരിശീലകനായി വി.പി ഷാജിയെ ഇന്നലെയാണ് നിയമിച്ചത്. സഹപരിശീലകനായി മില്‍ട്ടണ്‍ ആന്റണിയേയും ഗോള്‍ കീപ്പര്‍ പരിശീലകനായി സുബ്ഹേഷിനേയും കേരള ഫുട്ബോള്‍ അസോസിയേഷന് നിയമിച്ചു. നിറം മങ്ങിപ്പോയ കേരള ടീമിനെ ഒരിടവേളയ്ക്ക് ശേഷം 2016-17 ല്‍ സന്തോഷ് ട്രോഫി സെമി ഫൈനല്‍ വരെ എത്തിച്ചത് വി.പി ഷാജിയുടെ പരിശീലനത്തിന് കീഴിലായിരുന്നു. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ ടീമിന്റെ സെലക്ടറും വി.പി ഷാജിയായിരുന്നു. ഇതു രണ്ടാം തവണയാണ് ഷാജി പരിശീലകനായി നിയമിതനാകുന്നത്. മുന്‍ ഇന്ത്യന്‍ താരമായ ഷാജി 1993 ല്‍ സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു. 1998 ല്‍ സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായ ഷാജി ഒരുതവണ സഹപരിശീലകനായും പ്രവര്‍ത്തിച്ചു. നിലവില്‍ എസ്.ബി.ഐ പരിശീലകനാണ്. സന്തോഷ് ട്രോഫി നേടിയ ടീമില്‍ ഉള്‍പ്പെട്ട താരങ്ങളുടേയും പുതിയ താരങ്ങളുടേയും പ്രകടനങ്ങള്‍ വിലയിരുത്തിയ ശേഷം മികച്ച ടീമിനെ തന്നെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് വി.പി ഷാജി 'സുപ്രഭാത'ത്തോട് പറഞ്ഞു. കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ജേതാക്കള്‍. കൊല്‍ക്കത്തയില്‍ പശ്ചിമബംഗാളിനെ ഷൂട്ടൗട്ടില്‍ 4-2 ന് കീഴടക്കിയായിരുന്നു കേരളം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം തിരിച്ചു പിടിച്ചത്. സതീവന്‍ ബാലന്റെ പരിശീലനത്തിലാണ് കേരളം കിരീടം നേടിയത്. നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ സഹപരിശീലകനാണ് സതീവന്‍ ബാലന്. ഇത്തവണയും പ്രതീക്ഷയോടെയാണ് സന്തോഷ് ട്രോഫി പോരാട്ടത്തെ ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്തര്‍ ജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35 താരങ്ങളുടെ പട്ടിക കെ.എഫ്.എ തയാറാക്കിയിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തി തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ 28 ന് ആദ്യഘട്ട പരിശീലന ക്യാംപിന് തുടക്കമാവും. കേരള പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ കൂടി വിലയിരുത്തി രണ്ടാംഘട്ട ക്യാംപിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമെന്ന് വി.പി ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."