റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം: മുന്‍ തഹസില്‍ദാരുടെയും വില്ലേജ് ഓഫിസറുടെയും മൊഴിയെടുത്തു
പയ്യന്നൂര്‍: റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണവും സ്വത്തുതട്ടിയെടുക്കലും സംബന്ധിച്ച കേസില്‍ അന്വേഷണം ശക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ അഭിഭാഷകയ്ക്ക് രേഖകള്‍ തയാറാക്കി നല്കിയ തഹസില്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി.
ഇന്നലെ രാവിലെയാണ് അന്വേഷണ സംഘത്തിന് മുന്പില് മൊഴി നല്‍കുന്നതിനായി പയ്യന്നൂരിലെ മുന്‍ വില്ലേജ് ഓഫിസര്‍ ദിലീപും തളിപ്പറമ്പിലെ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന മുഹമ്മദ് അസ്ലമും എത്തിയത്. ഇരുവരെയും അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
അഡ്വ. കെ.വി ശൈലജ നല്കിയ രേഖകള്‍ പരിശോധിച്ചിട്ടാണ് ആവശ്യപ്പെട്ട രേഖകള്‍ തയാറാക്കി നല്‍കിയതെന്നാണ് ഇവര്‍ നല്കിയ മൊഴി. എന്നാല്‍, പൊലിസ് ഇതുമുഖവിലയ്ക്കെടുത്തിട്ടില്ല. കേസിലെ നാലും അഞ്ചും പ്രതികളാണ് ഇവര്‍. അതേസമയം, ബാലകൃഷ്ണന്റെ സഹോദരന് രമേശനെയും പൊലിസ് ഇന്നലെ ചോദ്യംചെയ്തു. രമേശനെ കുറച്ചുദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
കൂടാതെ തന്റെ കൈയില്‍നിന്നു ഒപ്പിട്ടുവാങ്ങിയ മുദ്രപ്പത്രങ്ങളും ബ്ലാങ്ക് പേപ്പറുകളും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലുള്ള അഡ്വ. പി.വി മാധവന് മുഖാന്തിരം രമേശന് ശൈലജയ്ക്കയച്ച നോട്ടിസിന്റെ പകര്‍പ്പും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലിസ് സൂചിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."