അഞ്ച് കോടിയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയില്‍
കൊച്ചി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് എത്തിച്ച അഞ്ച് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അത്യന്തം വിനാശകാരിയായ മയക്കുമരുന്നായ 'ഐസ് മെത്ത് 'എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ശെരീഫ് (59) ആണ് കൊച്ചി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായത്. കേരളത്തിലുടനീളം ചില്ലറവില്‍പ്പന ലക്ഷ്യമിട്ട് എത്തിച്ചതാണ്ത്. ഇയാളില്‍നിന്ന് രണ്ട് കിലോഗ്രാം മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ഥവും കണ്ടെടുത്തിട്ടുണ്ട്.
ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നുകള്‍ കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലിസ് കമ്മിഷനര്‍ എം.പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള സന്ദേശങ്ങളും നിരീക്ഷിച്ച് നടത്തിയ നീക്കത്തില്‍ ആണ് പ്രതി പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും അധികം മെത്താംഫിറ്റമിന്‍ പിടികൂടുന്നത്. മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുന്ന മയക്കുമരുന്ന് അവിടെനിന്ന് ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. പിന്നീട് അവിടെനിന്ന് മുംബൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിച്ചിരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹിം ശെരീഷ് എന്ന് ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാള്‍ക്ക് മയക്കുമരുന്നുകള്‍ കൈമാറിയ ബിഗ് ബോസ് എന്ന രഹസ്യകോഡില്‍ അറിയപ്പെടുന്നയാളെ പിടികൂടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ട്രെയിന്‍ മാര്‍ഗം കൊച്ചിയിലേക്ക് ലഹരിമരുന്നുമായി ഇബ്രാഹിം ശെരീഫ് പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍വച്ച് ഇതേ ട്രെയിനില്‍ കയറിയ ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ച് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പിടികൂടുകയായിരുന്നു. പിടിയിലായ ഇബ്രാഹിം തുണിത്തരങ്ങളുടെ ബിസിനസുകാര്‍ എന്ന രീതിയില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്ന് സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ അടുത്തിടെ കൊറിയര്‍ സര്‍വിസ് കമ്പനി വഴി വന്‍തോതില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവവവുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ എ.ബി വിബിന്‍, നോര്‍ത്ത് എസ്.ഐ വിബിന്‍ദാസ് സി.പി.ഒമാരായ അഫ്‌സല്‍, ഉസ്മാന്‍, സാനു, വിനോദ്, സാനുമോന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."