മെഡിക്കല്‍ കോളജ് കോഴ വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്ന് നീക്കി
തിരുവനന്തപുരം: ബി.ജെ.പി ദേശീയ നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന വക്താവ് വി.വി രാജേഷിനെതിരേ നടപടി. മെഡിക്കല്‍ കോളജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.
രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്ന് നീക്കി. വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വിട്ടതിന് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.
നേരത്തേ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മിഷന് അധ്യക്ഷന്‍ കെ.പി. ശ്രീശന്, അംഗം എ.കെ നസീര്‍, സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടിരുന്നു.
എം.ടി രമേശ് തെളിവു സഹിതം ഉന്നയിച്ച പേരുകളാണു നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. എന്നാല്‍, രാജേഷിനെതിരേയുള്ള നടപടി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
വര്‍ക്കലയിലുള്ള എസ്.ആര് മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കുന്നതിനായി മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയില്‍നിന്ന് പാര്‍ട്ടിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ് വിനോദ് 5.6 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്ന് വിനോദിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."