സിറിയയിലെ യു.എസ് പിന്‍മാറ്റം: എതിര്‍പ്പുമായി ഫ്രാന്‍സ്, യു.കെ
വാഷിങ്ടണ്‍: സിറിയയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള യു.എസ് തീരുമാനത്തെ എതിര്‍ത്ത് സഖ്യകക്ഷികള്‍. ഐ.എസിനെ ഉന്മൂലനം ചെയ്‌തെന്നും അതിനാല്‍ സൈന്യത്തെ പിന്‍വലിക്കുകയാണെന്നുമുള്ള പ്രഖ്യാപനത്തിനെതിരേ ഫ്രാന്‍സ്, യു.കെ രംഗത്തെത്തി. ഐ.എസിന്റെ ഭീഷണി അവസാനിച്ചില്ലെന്നും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും യു.കെ വിദേശകാര്യ മന്ത്രാലയ ഓഫിസ് പറഞ്ഞു.
ട്രംപിന്റെ അവകാശാവാദം തെറ്റാണെന്ന് യു.കെ ജൂനിയര്‍ പ്രതിരോധ മന്ത്രി ടോബിയാസ് ഏല്‍വൂദ് പറഞ്ഞു. ശക്തമായി വിയോജിക്കുകയാണ്. മറ്റു രൂപത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരാന്‍ വഴിയൊരുങ്ങും. ഇപ്പോഴും ഭീഷണി നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസിന്റെ ശ്രക്തി കുറഞ്ഞെന്നും എന്നാല്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടില്ലെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു.
ഐ.എസിനെതിരേയുള്ള പോരാട്ടങ്ങളെ അപകടത്തിലാക്കുന്നതാണ് യു.എസ് തീരുമാനമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
തീവ്രവാദം മറ്റു മാര്‍ഗത്തിലൂടെ സിറിയയില്‍ സ്വാധീനമുണ്ടാക്കാന്‍ കാരണമാവുമെന്ന് ഇസ്‌റാഈല്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ ആധിപത്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇറാനെതിരേയുള്ള പോരാട്ടം ശക്തപ്പെടുത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു പറഞ്ഞു. തങ്ങളുടെ പോരാട്ടത്തില്‍ കുറവുവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ആക്രമണം ശക്തമാക്കും. യു.എസിന്റെ പൂര്‍ണ പിന്തുണയോടെയായിരിക്കും തങ്ങളുടെ നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് തീരുമാനത്തിനെതിരേ സിറിയയിലെ സഖ്യകക്ഷി സൈന്യമായ സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്‌സ് (എസ്.ഡി.എഫ് ) മുന്നറിയിപ്പ് നല്‍കി. ഐ.എസിന്റെ വീണ്ടെടുപ്പിന് യു.എസ് പിന്‍മാറ്റം വഴിയൊരുക്കുമെന്നും സഖ്യകക്ഷിയെ ശുത്രുക്കളിലേക്ക് തള്ളിയിടുന്ന നീക്കമാണിതെന്നും എസ്.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് റഷ്യ രംഗത്തെത്തി.
ശരിയായ തീരുമാനമാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞു. ഐ.എസിനെ സിറിയയില്‍നിന്ന് പരാജയപ്പെടുത്തിയെന്നുള്ളത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇത്തരം തീരുമാനമെടുക്കാന്‍ ട്രംപിന് അവകാശമുണ്ട്. അദ്ദേഹത്തോട് താന്‍ യോജിക്കുന്നു. അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് 2014ല്‍ യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സൈന്യം അവടെയുണ്ട്. തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് അവര്‍ എല്ലാവര്‍ഷവും പ്രഖ്യാപിക്കുന്നുണ്ടെന്ന് പുടിന്‍ പറഞ്ഞു.
സിറിയയിലെ 2000 സൈനികരെ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രഖ്യാപിച്ചത്. ഐ.എസിനെ നേരിടാനാണ് സിറിയയിലേക്ക് സൈന്യത്തെ അയച്ചതെന്നും ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാല്‍ പൂര്‍ണമായും പിന്‍വാങ്ങുകയാണെന്ന് അവര്‍ അറിയിച്ചു.
ന്യായീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
12016ല്‍ നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയും മറ്റുള്ളവരെ സംരക്ഷിക്കാനായി ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കി പശ്ചിമേഷ്യയിലെ 'പൊലിസായി' നിലനില്‍ക്കുന്നതില്‍ യു.എസിന് എന്താണ് ലഭിക്കുന്നത്. വിദേശനയത്തില്‍ ഗുണങ്ങളാണ് താന്‍ അന്വേഷിക്കുന്നത്. സൈന്യത്തെ പിന്‍വലിക്കുന്നതാണ് രാജ്യത്തിന് മികച്ച കാര്യം. ഞങ്ങള്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടതുണ്ടോ? മറ്റുള്ളവര്‍ അന്തിമ പോരാട്ടം നടത്തേണ്ട സമയമാണിത് - ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."