മദ്യശാലകള്‍ക്ക് അനുമതി: ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണമെടുത്തുകളയുന്ന രണ്ടു ഭേദഗതി ബില്ലുകള്‍ ഇന്നലെ നിയമസഭ ചര്‍ച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2017ലെ കേരളാ പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2017ലെ കേരളാ മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവയാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതികള്‍. ഇനി എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനും കഴിയും.
തദ്ദേശവകുപ്പുമന്ത്രി കെ.ടി ജലീലിന്റെ അഭാവത്തില്‍ മന്ത്രി എ.കെ ബാലനാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ റൂള്‍ 78 പ്രകാരം വകുപ്പുമന്ത്രിയല്ലാതെ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് ചട്ടപ്രകാരമല്ലെന്ന് വി.ഡി സതീശന്‍ വാദിച്ചു. ചട്ടം രണ്ടിലെ നിര്‍വചനത്തില്‍ ബില്‍ അവതരണത്തിന് ഏതെങ്കിലും മന്ത്രി മതിയെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്പീക്കര്‍ എ.കെ ബാലന് അനുമതി നല്‍കി. പഞ്ചായത്ത് രാജ് നഗരപാലിക ആക്ടില്‍ ഭേദഗതി വരുത്തി ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമായാണ് ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയര്‍ത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്ത കളയുന്നത് വിവേചനപരമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യഷാപ്പുകള്‍ വരുമ്പോള്‍ പ്രാദേശികമായി സമരങ്ങളുണ്ടാകുകയാണ്. പ്രാദേശിക പ്രശ്‌നങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ ഇടപെടാനാകുക. അതിനാല്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്നത് ഉചിതമാകില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
മദ്യഉപഭോഗം സംബന്ധിച്ച് ബോധവല്‍കരണമാണ് അനിവാര്യമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മദ്യം നിരോധിക്കണമെന്ന അഭിപ്രായമില്ല. മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയേണ്ടതുണ്ടോയെന്ന് പുനര്‍വിചിന്തനം നടത്തണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. അബ്കാരി നിയമത്തിന്റെ പരിധിയിലുള്ള കാര്യം തന്നെ പഞ്ചായത്ത് രാജ് നിയമത്തിലും നിലനില്‍ക്കുന്നതിനാലാണ് ബില്‍ ഭേദഗതി അനിവാര്യമായതെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. രണ്ടുവകുപ്പുകള്‍ ഒരേ കാര്യം കൈകാര്യം ചെയ്യുമ്പോള്‍ പരസ്പര വിരുദ്ധ തീരുമാനങ്ങളുണ്ടാകുന്നു. ഈ വൈരുദ്ധ്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മദ്യനിരോധനമല്ല തങ്ങളുടെ നയമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയതാണ്. മദ്യവര്‍ജനത്തിലൂടെ നിരോധനം തന്നെയാണ് ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എ അഹമ്മദ് കബീര്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, എ.പി അനില്‍കുമാര്‍, വി.പി സജീന്ദ്രന്‍, പി.സി ജോര്‍ജ്, സി.കെ ശശീന്ദ്രന്‍, കെ.ഡി പ്രസേനന്‍, റോഷി അഗസ്റ്റിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."