ഗതാഗതക്കുരുക്കില്‍ ദേശീയപാത; നിസ്സഹായരായി ട്രാഫിക് പൊലിസ്
കോരപ്പുഴ പാലം പൊളിച്ചുതുടങ്ങി
കോഴിക്കോട്: കണ്ണൂര്‍ ദേശീയപാതയിലെ കോരപ്പുഴയ്ക്കു മീതെ പുതിയപാലം പണിയാന്‍ പഴയപാലം പൊളിച്ചു നീക്കിത്തുടങ്ങി. രാവിലെ മുതല്‍ പാലത്തിന്റെ ഇരുവശവും മറച്ചുവച്ച് ടാര്‍ പൊളിച്ചു. കണ്ണൂര്‍ റൂട്ടിലുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇതു ദേശീയപാതയില്‍ ഗതാഗക്കുരുക്ക് രൂക്ഷമാക്കി. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വെങ്ങളം-പൂളാടിക്കുന്ന്-പാവങ്ങാട് വഴി കോഴിക്കോട്ടേക്കും കോഴിക്കോട് ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട്-വെങ്ങളം വഴിയുമാണ് തിരിച്ചുവിട്ടിരുന്നത്. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാല്‍ വെങ്ങളം ജങ്ഷനിലും പൂളാടിക്കുന്ന് ജങ്ഷനിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇവിടെ രാവിലെ ഒന്നിലധികം ട്രാഫിക് പൊലിസുകാരെ നിയമിക്കുകയും സിഗ്നല്‍ ഓഫ് ചെയ്ത് ഗതാഗതം നിയന്ത്രിച്ചെങ്കിലും ഗതാഗതക്കുരുക്കിനു പരിഹാരമായില്ല. ഉച്ചയോടെ പ്രധാന ജങ്ഷനുകളില്‍ ഹോം ഗാര്‍ഡുകളെ മാത്രം നിയമിച്ച് ട്രാഫിക് പൊലിസ് പിന്നീട് തലയൂരുകയായിരുന്നു. ഇതോടെ ഇവിടങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായി. കൂടാതെ പൂളാടിക്കുന്ന് -വെങ്ങളം ബൈപാസിലേക്ക് നേരിട്ടു കയറാന്‍ സാധിക്കുന്ന വെസ്റ്റ് ഹില്‍ ചുങ്കം, പുതിയങ്ങാടി എന്നിവിടങ്ങളിലും പാവങ്ങാട്ടുനിന്ന് വാഹനം തിരിയുന്നയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. കണ്ണൂര്‍ റൂട്ടിലെ പല ബസുകളും വൈകിയോടിയതും യാത്രക്കാരെ വലച്ചു. ഷോപ്പിങ്ങിനു വരുന്നവരും അര്‍ധവാര്‍ഷിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമാണു കൂടുതല്‍ യാത്രാക്ലേശം അനുഭവിച്ചത്. അതേസമയം കൊയിലാണ്ടിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് കോരപ്പുഴ പാലത്തിന്റെ വടക്കും കോഴിക്കോട്ടുനിന്ന് വരുന്ന ബസുകള്‍ എലത്തൂരിലും യാത്ര അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ ബസുകളും വെങ്ങളം-പൂളാടിക്കുന്ന് വഴി ഓടിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."