വനിതാ മതില്‍ വിജയിപ്പിക്കാന്‍ ഇടപെടല്‍; മൂഴിക്കലില്‍ കുടുംബശ്രീ യോഗം അലങ്കോലമായി
കോഴിക്കോട്: കുടുംബശ്രീ യോഗത്തിനിടെ സി.പി.എം നേതാവ് കടന്നു വന്ന് വനിതാ മതില്‍ വിജയിപ്പിക്കണമെന്ന നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യോഗം ബഹളത്തില്‍ കലാശിച്ചു. മൂഴിക്കല്‍ 16ാം വാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സി.പി.എം മൂഴിക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കോര്‍പറേഷന്‍ മുന്‍ ആരോഗ്യ വിഭാഗം ഓഫിസറുമായ ബി. സോമനാണ് വനിതാ മതില്‍ വിജയിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രസംഗിച്ചത്. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ പ്രസംഗമുപേക്ഷിച്ച് സോമന്‍ യോഗത്തില്‍നിന്നിറങ്ങിപ്പോവുകയായിരുന്നു. കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ തീരുമാനത്തിന് എന്ന വ്യാജേനയാണ് യോഗം വിളിച്ചത്. യോഗത്തിന് പരമാവധി അംഗങ്ങളെ എത്തിക്കുന്ന യൂനിറ്റ് സെക്രട്ടറിമാര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ ഉദ്ഘാടനത്തിന്റെ വിളംബരജാഥ എന്നപേരില്‍ വനിതാ മതിലിന്റെ പ്രചാരണത്തിന് ജാഥ നടത്താനും ശ്രമമുണ്ടായി. ഇക്കാര്യം മനസ്സിലാക്കിയ ഭൂരിഭാഗം അംഗങ്ങളും ജാഥയില്‍നിന്ന് പിന്‍വലിഞ്ഞതോടെ അജണ്ട പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ശാലിനിയുടെയും എ.ഡി.എസ് മൃദുലയുടെയും സംസാരത്തിന് ശേഷം കുടുംബശ്രീയുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരാളെ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എം നേതാവിനെ ക്ഷണിക്കുകയായിരുന്നു.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ നേതാവ് വനിതാമതില്‍ വിജയിപ്പിക്കാന്‍ എല്ലാവരും കുടുംബ സമേതം എത്തണമെന്ന് ആവശ്യപ്പെട്ടതോടെ ബഹളം തുടങ്ങി.
ഒരുകാലത്ത് കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ മുലക്കരം കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നും കോണ്‍ഗ്രസ്സും ബി.ജെ.പിയും തിരിച്ചുവന്നാല്‍ ബ്ലൗസ് ഇടാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങള്‍ക്ക് നഷ്ടമാവും എന്നുകൂടി പറഞ്ഞതോടെ ബഹളം ഉച്ചസ്ഥായിലെത്തുകയും നിവര്‍ത്തിയില്ലാതെ നേതാവ് ഇറങ്ങിപ്പോവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."