പൂനൂര്‍ പുഴയോരത്ത് അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു
കൊടുവള്ളി: പൂനൂര്‍പുഴയോരത്ത് കിഴക്കോത്ത് ജുമാമസ്ജിദിന് സമീപത്തെ പള്ളിക്കടവ് പാലത്തിന് അരികിലായി അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു.
രാത്രിയിലാണ് സാമൂഹ്യ ദ്രോഹികള്‍ അറവ് ശാലകളില്‍ നിന്നുള്ള മാലിന്യം തള്ളി കടന്നുകളയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി നിറച്ച മാലിന്യം തള്ളി. അസഹ്യമായ ദുര്‍ഗന്ധം മൂലം പാലത്തിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. കൊടുവള്ളി ഗവണ്‍മെന്റ് കോളജ്, വിവിധ സ്‌കൂളുകള്‍, മദ്‌റസകള്‍ എന്നിവിടങ്ങളിലേക്കും കിഴക്കോത്ത് ജുമാമസ്ജിദിലേക്കുമായി വിദ്യാര്‍ഥികളും നാട്ടുകാരും പതിവായി സഞ്ചരിക്കുന്ന വഴിയാണിത്. രണ്ടാഴ്ച്ച മുന്‍പും സമാന രീതിയില്‍ പാലത്തിന് സമീപം മാലിന്യം തള്ളിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് മാലിന്യം തള്ളരുതെന്ന ബാനര്‍ സ്ഥാപിക്കുകയും കൊടുവള്ളി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."