ഭരണപരിഷ്‌കാര കമ്മിഷന് മുന്‍പില്‍ പരാതിപ്രളയം
മലപ്പുറം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പൗരകേന്ദ്രിത സേവനങ്ങള്‍ സംബന്ധിച്ചു നടന്ന പബ്ലിക് ഹിയറിങ്ങില്‍ പരാതിപ്രളയം. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് ആരംഭിച്ച ഹിയറിങ്ങില്‍ നൂറുകണക്കിനാളുകളാണ് പരാതിയുമായെത്തിയത്. ആകെ 177 പരാതികളും നിര്‍ദേശങ്ങളും കമ്മിഷനു ലഭിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതില്‍ നിലവിലുള്ള വീഴ്ചകള്‍ കണ്ടെത്തുക, പരിഹാര നിര്‍ദേശങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറിമാരില്ലാത്തത്, സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ നേരിടുന്ന അവഗണന, വിവിധ സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥ, സേവനാവകാശ നിയമം പാലിക്കപ്പെടാത്തത്, വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകള്‍ നികത്താത്തത്, റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തത്, സര്‍ക്കാര്‍ ഓഫിസുകളുടെ ശോചനീയാവസ്ഥ, പെന്‍ഷന്‍ തടഞ്ഞുവച്ചത്, കിഡ്‌നി രോഗികള്‍ക്ക് ആനുകൂല്യം കിട്ടാത്തത് തുടങ്ങിയ പരാതികളാണ് എത്തിയത്. കമ്മിഷന്റെ മൂന്നാമത്തെ ഹിയറിങ്ങാണ് മലപ്പുറത്തു നടന്നത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍നിന്നു കമ്മിഷന്‍ നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു. ലഭിച്ച നിര്‍ദേശങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു ചെയര്‍മാന്‍ അറിയിച്ചു.
പബ്ലിക് ഹിയറിങ്ങില്‍ പ്രത്യേക ക്ഷണിതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."