കാത്തിരിപ്പിന് വിട; തെക്കേ ഇന്ത്യയിലെ നീളം കൂടിയ മേല്‍പ്പാലം തുറന്നു
ബോബന്‍സുനില്‍
തക്കല : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട. തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലെ മാര്‍ത്താണ്ഡം, പാര്‍വതീപുരം മേല്‍പ്പാലങ്ങളില്‍ വാഹന സര്‍വിസിന് തുടക്കമായി.
ഇരു മേല്‍പ്പാലങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും തിരുനെല്‍വേലിയിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമായി മാറി. കേരളം അതിരിടുന്ന തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം, പാര്‍വതീപുരം ഭാഗങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കു തലവേദനയായിരുന്നു. പ്രശ്‌നപരിഹാരത്തിന് മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാനാകാത്ത നിലയിലായിരുന്നു. നാഗര്‍കോവില്‍ എം.പി പൊന്‍രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രിയായതോടെ മേല്‍പ്പാലനിര്‍മാണത്തിന് നടപടി സ്വീകരിച്ചു. മാര്‍ത്താണ്ഡത്ത് 2.5 കി.മീ നീളത്തിലും പാര്‍വതീപുരത്ത് 1.8 കി. മീ. നീളത്തിലും മേല്‍പ്പാലവും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി 372 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി.തെക്കേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ സ്റ്റീലില്‍ നിര്‍മിച്ച മേല്‍പ്പാലം എന്ന ബഹുമതിയും മാര്‍ത്താണ്ഡം മേല്‍പ്പാലത്തിന് ലഭിച്ചു. ദേശീയപാതയില്‍ രണ്ടിടത്ത് മേല്‍പ്പാലങ്ങളുടെ നിര്‍മാണം നടന്നപ്പോള്‍ യാത്രക്കാരുടെ അവസ്ഥ ദയനീയമായി. കുഴിത്തുറയില്‍നിന്ന് നാഗര്‍കോവില്‍ എത്താന്‍ രണ്ടു ഭാഗത്തുമായി കിലോ മീറ്ററുകളോളം മറ്റ് പാതകളില്‍ യാത്രചെയ്യേണ്ടിവന്നു. മേല്‍പ്പാലങ്ങളുടെ സര്‍വിസ് റോഡ്, ഓടകള്‍, സിഗ്‌നല്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദേശീയപാതയിലെ യാത്രാദുരിതത്തിന് പരിഹാരം എന്ന നിലക്ക് മേല്‍പ്പാലത്തില്‍ വാഹനഗതാഗതം തുടങ്ങാന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ബുധനാഴ്ച മുതല്‍ സര്‍വിസ് അനുവദിച്ചത്. പുലര്‍ച്ചെ ഹൈവേ അധികൃതരും ബി.ജെ.പി ഭാരവാഹികളും വെട്ടുവെന്നിയിലും പാര്‍വതീപുരത്തും പ്രത്യേക പൂജകള്‍ നടത്തിയശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മേല്‍പ്പാലത്തിലൂടെ യാത്ര തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."